തകർന്നത് കടൽമണ്ണ് നിറച്ച ചാക്കുകൊണ്ടു നിർമ്മിച്ച ബണ്ട്
കുട്ടനാട്: കാലവർഷം ശക്തമായപ്പോൾ മടവീഴ്ച ഉണ്ടായതിനെത്തുടർന്ന് തോട്ടപ്പള്ളി പൊഴിയിൽ നിന്നുള്ള കടൽമണ്ണ് ചാക്കുകളിലാക്കി കൈനകരി കനകാശേരി പാടത്ത് പുനർനിർമ്മിച്ച ബണ്ടും തകർന്നു. ഇതോടെ പ്രദേശത്തെ 450 ഓളം വീടുകൾ വെള്ളത്തിലായി. സമീപത്തെ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. അര ലക്ഷത്തോളം ചാക്കുകളിലാണ് മണ്ണ് നിറച്ച് മട കുത്തിയത്.
കൈനകരി കൃഷിഭവന് കീഴിലുള്ള പാടശേഖരമാണിത്. കഴിഞ്ഞ മാസമുണ്ടായ മടവീഴ്ചയ്ക്ക് ശേഷം രണ്ടാഴ്ചമുമ്പാണ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് മടകുത്തൽ പൂർത്തിയാക്കിയത്. പിന്നീട് മോട്ടോർ ഉപയോഗിച്ച് പാടത്തെ വെള്ളം പുറത്തേക്ക് കളയാൻ പമ്പിംഗ് ആരംഭിച്ചു. പാടത്തെ വെള്ളം വറ്റിത്തുടങ്ങിയപ്പോൾ കായലിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിച്ച് ബണ്ട് തകരുകയായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
10 ദിവസം മുമ്പാണ് പ്രദേശത്തെ കുടുംബങ്ങൾ വിവിധ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയത്. മട വീണതോടെ ഈ ഭാഗത്ത് അടുക്കിയ ചാക്കുകൾ പൂർണ്ണമായും ഒലിച്ചു പോയി. മടകുത്താനും ചാക്കിൽ മണ്ണ് നിറയ്ക്കാനും മണ്ണ് ശേഖരിക്കാനുമായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം നടത്തിയിരുന്നത്. തോട്ടപ്പള്ളി പൊഴി മുറിച്ചപ്പോൾ ലഭിച്ച മണ്ണ് പുന്നമടയിൽ എത്തിച്ച് ചാക്കുകളിലാക്കിയ ശേഷം ജങ്കാറിലാണ് പാടത്ത് എത്തിച്ചിരുന്നത്.
മഴ മാറി നിൽക്കുന്നതിനാൽ വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പ്രതീക്ഷിക്കുന്നത്. കനകാശേരി- 48 ഹെക്ടർ, വലിയകരി-100.8 ഹെക്ടർ, മീനപ്പള്ളി- 51 ഹെക്ടർ എന്നിങ്ങനെയാണ് വിസ്തൃതി. അര ലക്ഷത്തോളം മണൽ ചാക്കുകൾ കനകാശേരിയിൽ മാത്രം മടകുത്തനായി ഉപയോഗിച്ചു. 33 അടി താഴ്ചയിലിു 40 അടി നീളത്തിലും 20 അടി വീതിയിലുമാണ് ഇവിടെ മടകുത്തിയത്.