gate

കായംകുളം : റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ലോറി റെയിൽവേ ഗേറ്റ് ഇടിച്ചു തകർത്തു.ഗേറ്റ് തകരാറിലായതിനെത്തുടർന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി.

ഓണത്തിരക്കേറിയ സമയത്ത് ഗതാഗതം സ്തംഭിച്ചത് ജനങ്ങളെ ഏറെ വലച്ചു. കൃഷ്ണപുരം മാമ്പ്രക്കന്നേൽ ലവൽ ക്രോസിലെ ഗേറ്റാണ് ഇന്നലെ രാവിലെ ലോറിയിടിച്ചു തകർത്തത്. രാവിലെ 8.30ഓടെ ജയന്തി ജനത എക്സ്പ്രസ് കടന്നു പോകാനായി ഗേറ്റ് അടച്ചപ്പോഴായിരുന്നു സംഭവം. ഗേറ്റ് അടച്ചു കൊണ്ടിരുന്നപ്പോൾ കയറി വന്ന ലോറിയുടെ മുകൾ ഭാഗം ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റിന്റെ വീലുകൾ തകരാറിലായി. പിന്നീട് ഗേറ്റിന്റെ തകരാർ താൽക്കാലികമായി പരിഹരിച്ച് 2 മണിക്കൂറിന് ശേഷം ഗേറ്റ് തുറന്നു കൊടുത്തു. ട്രാഫിക് പൊലീസ് കേസെടുത്തു.