പിടിയിലായത് കൊലക്കേസ് പ്രതി
കായംകുളം: ഫോട്ടോ എടുക്കാനെന്ന വ്യാജേന സ്റ്റുഡിയോ ഉടമയെ വിളിച്ചുകൊണ്ടുപോയി അടിച്ചുവീഴ്ത്തി ലക്ഷങ്ങൾ വിലപിടിപ്പുള്ള ക്യാമറയുമായ മുങ്ങിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു.
മാർത്താണ്ഡം സ്വദേശി രാജേഷിനെയാണ് അതിർത്തി പ്രദേശമായ പൊഴിയൂരിൽ നിന്ന് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 29 ന് കായംകുളം പുതിയിടം കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ പി.ഡ്ബ്ളയു.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയാണ് രാജേഷ് ചിത്രങ്ങൾ എടുക്കാൻ കൂട്ടിക്കൊണ്ടുപോയത്. വഴിയിൽ വച്ച് ശിവകുമാറിനെ അടിച്ച് വീഴ്ത്തിയ ശേഷം രാജേഷ് കാമറയുമായി കടക്കുകയായിരുന്നു.
കായംകുളത്തെ കാമറ കവർന്നതുകൂടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നും ബുള്ളറ്റ് കവർന്നതായി പ്രതി സമ്മതിച്ചു. ഈ ബുള്ളറ്റിൽ കറങ്ങി നടന്ന് തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ നിന്നും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് നിന്നും, തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും സ്റ്റുഡിയോ ഉടമകളെയും ജീവനക്കാരെയും ചിത്രങ്ങൾ എടുക്കാൻ വിളിച്ചുകൊണ്ടു പോയി കബളിപ്പിച്ചു ക്യാമറകൾ കവർന്നതായി തെളിഞ്ഞിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരൻ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവിടെയും തട്ടിപ്പ് നടത്തിയത്.
കവർന്നെടുക്കുന്ന ക്യാമറകൾ തമിഴ്നാട്ടിലെ നാഗർകോവിലിനടുത്തുള്ള കോട്ടാർ എന്ന സ്ഥലത്തായിരുന്നു ഇയാൾ ചുരുങ്ങിയ വിലക്ക് വിറ്റിരുന്നത്. തമിഴ് നാട്ടിൽ കൊലക്കുറ്റത്തിന് ജയിലിൽ ശിക്ഷ കഴിഞ്ഞ് രാജേഷ് ജാമ്യത്തിലിറങ്ങിയിട്ട് ആറു മാസം ആയിട്ടേയുള്ളു. മുൻപ് വെണ്മണിയിൽ പിടിച്ചുപറി കേസിൽ രണ്ടര വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.