ചേർത്തല:ചരിത്രത്തിലാദ്യമായി ചേർത്തല ദേവീ ക്ഷേത്രത്തിൽ മേൽ ശാന്തിയായി അബ്രാഹ്മണൻ.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ശാന്തിയായ കളവംകോടം സുധീഷ്കുമാറാണ് കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതലയേറ്റത്.കാലങ്ങളായി ബ്രാഹ്മണ പൂജാരിമാരാണ് ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുള്ളത്.ഈഴവ സമുദായ അംഗമായ വയലാർ പഞ്ചായത്ത് 11-ാം വാർഡ് കളവംകോടം പെരുമ്പാശേരി നികർത്തിൽ പരേതരായ കെ.പി.പുരുഷന്റെയും സമുതിയുടെയും മകനാണ് കളവംകോടം സുധീഷ് ശാന്തി.ദേവസ്വം ബോർഡ് പരീക്ഷ വിജയിച്ച് ചങ്ങനാശേരി ഗ്രൂപ്പിലെ വാകത്താനം മണികണ്ഠേശ്വര ക്ഷേത്രത്തിൽ 2003 മാർച്ച് 7നാണ് കീഴ്ശാന്തിയായി ജോലി ആരംഭിച്ചത്.തുടർന്ന് ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിൽ 5 വർഷം കീഴ്ശാന്തിയായും ചെങ്ങണ്ട ഭൂതനാഥ ക്ഷേത്രത്തിലും തണ്ണീർമുക്കം ചാലിനാരാണപുരം ക്ഷേത്രത്തിലും മേൽശാന്തിയായി പ്രവർത്തിച്ചു. 2003ൽ മലയാലപ്പുഴയിൽ നടന്ന ശതകോടി അർച്ചനയിൽ പങ്കെടുക്കാൻ എത്തിയ സുധീഷ് ശാന്തിയെ അബ്രഹ്മണനാണെന്ന കാരണത്താൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ശ്രീനാരായണ ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിലെ മേൽശാന്തിയുടെ സഹായിയായി 10-ാം വയസുമുതൽ സുധീഷ് ശാന്തി പ്രവർത്തിച്ചിരുന്നു.ജ്യേഷ്ഠനായ സുരേഷ് ശാന്തിയുടെ പാത പിൻതുടർന്ന് കളവംകോടം പത്മനാഭൻ ശാന്തിയുടെ ശിക്ഷണത്തിൽ വൈദിക പഠനം ആരംഭിച്ചു.കോമളപുരം ചാരംപറമ്പ് ശിവ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുന്നതിനിടെയാണ് ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചത്.ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെയാണ് ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമനം ലഭിക്കുന്നത്.രജിനിയാണ് ഭാര്യ.പൂജ,പൃഥ്വി എന്നിവർ മക്കളാണ്.