അമ്പലപ്പുഴ: പുന്നപ്ര വേലിക്കകത്ത് വീട്ടിൽ തിരുവോണമുണ്ണാൻ പതിവ് തെറ്റിക്കാതെ വി.എസ് എത്തി. ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പം ഓണസദ്യ കഴിച്ച വി.എസ് എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിന്നാണ് കുടുംബ സമേതം വി.എസ് പുന്നപ്രയിൽ ഓണം ആഘോഷിക്കാനെത്തിയത്. തിരുവോണ തലേന്ന് രാത്രി എട്ടരയോടെ എത്തിച്ചേർന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് 12 ഓടെ മാദ്ധ്യമ പ്രവർത്തകർ എത്തിയപ്പോൾ എല്ലാവർക്കും ഓണാംശസകൾ നേർന്നു. തുടർന്ന് ഊണിനുള്ള തയ്യാറെടുപ്പായി. തൂശനിലയിൽ ഉപ്പേരി, അച്ചാർ, അവിയൽ, തോരൻ, പപ്പടം, സാമ്പാർ, പുളിശേരി തുടങ്ങിയവ ഉൾപ്പടെയുള്ള കറികൾ നിരന്നു. ആദ്യം വി.എസ് ഇരുന്നു. ഭാര്യ വസുമതി ചോറ് വിളമ്പി. പിന്നീട് മകൻ അരുൺകുമാർ, ഭാര്യ രജനി, മക്കളായ അരവിന്ദ്, അർജ്ജുൻ എന്നിവരും സദ്യയുണ്ണാൻ ഇരുന്നു. സദ്യയ്ക്കു ശേഷം ചെറിയൊരു മയക്കം. പിന്നീട് മാരാരിക്കുളത്ത് വായനാശാലയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തേക്കു മടങ്ങി.