s

കുട്ടനാട്: ഏഴു മക്കളുണ്ടായിട്ടും തൊണ്ണൂറ്റിമൂന്നാം വയസിൽ വീട്ടിൽ ഒറ്റയ്‌ക്കായിപ്പോയ ത്രേസ്യാമ്മയ്‌ക്കു വേണ്ടി ഇത്തവണ തിരുവോണ സദ്യയൊരുക്കിയത് എടത്വായിലെ ജനമൈത്രി പൊലീസ്. മക്കൾക്കു വേണ്ടാത്ത അമ്മയ്‌ക്കായി ഓണക്കോടി വാങ്ങിയത് എസ്.ഐ ക്രിസ്റ്ര്യൻ രാജ്. ഓണസദ്യയുമായെത്തി തൂശനില വിരിച്ച് അമ്മയ്‌ക്കൊപ്പം കൂടിയത് വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം. അങ്ങനെ ത്രേസ്യാമ്മയുടെ ഓണം പൊലീസ് കസ്റ്റഡിയിലായി!

ജനമൈത്രി പൊലീസ്,​ ഭവന സന്ദർശനത്തിനിടെയാണ് വേദനിപ്പിക്കുന്ന ആ സത്യമറിഞ്ഞത്. ഏഴു മക്കളും കൊച്ചുമക്കളുമൊക്കെ ഉണ്ടായിട്ടും കോഴിമുക്ക് പറപ്പള്ളിയിൽ ത്രേസ്യാമ്മ ജോസഫ് ഈ ഓണത്തിന് ഒറ്റയ്‌ക്കാണ്. ഒരു മകനും മകളും ജർമ്മനിയിൽ. ചിലർ ആലപ്പുഴയിൽത്തന്നെ വേറെയിടങ്ങളിൽ. മറ്റുള്ളവർ വേറെ ജില്ലകളിൽ താമസം. ഓണത്തിന് അമ്മയെ കാണാൻ വരാൻ ആർക്കും നേരമില്ല. വീടിനു ചുറ്റും സി.സി ടിവി കാമറ സ്ഥാപിച്ച് അവർ അമ്മയെ ലൈവ് ആയി കാണുന്നുണ്ടായിരുന്നു!

എങ്കിൽപ്പിന്നെ ഈ ഓണം ത്രേസ്യാമ്മ ചേട്ടത്തിക്കൊപ്പം തന്നെയെന്ന് എസ്.ഐ ക്രിസ്റ്റ്യൻ രാജും സഹപ്രവർത്തകരും തീരുമാനിച്ചു. സദ്യ വിളമ്പി,​ ഒരുമിച്ചിരുന്ന് ഉണ്ട്,​ കുറെനേരമിരുന്ന് വർത്തമാനവും പറ‌ഞ്ഞാണ് സി.പി.ഒമാരായ ഗോപൻ കരുണാകരൻ, ഷൈലകുമാർ, വിനു, വനിതാ പൊലീസ് ഗാർഗി, ഹോംഗാർഡ് ഫ്രാൻസിസ് എന്നിവർ മടങ്ങിയത്. മക്കൾ അടുത്തില്ലാതിരുന്ന അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷം വേറെയില്ല. ആ അമ്മയുടെ സംതൃപ്തി പൊലീസിനുള്ള അംഗീകാരമാണ്- എസ്.ഐ ക്രിസ്റ്റ്യൻ രാജ് പറഞ്ഞു. മക്കളെയും ബന്ധുക്കളെയും അറിയിച്ച്,​ ത്രേസ്യാമ്മയുടെ പരിചരണത്തിന് വഴിയൊരുക്കുകയാണ് അടുത്ത പരിപാടി.