ഹരിപ്പാട്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. പിക്കപ്പിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. രക്ഷകരായി എത്തിയ ഫയർമാനും പരിക്കേറ്റു. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം. കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ഇയോൺ കാറും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രികരായ കോട്ടയം താഴകം കല്ലൂപറമ്പിൽ ഉണ്ണിരാജ (50), ഭാര്യ രേണു (45), പിക്കപ്പ് വാൻ ഡൈവർ തൃശൂർ കോട്ടപ്പടി വാഴപ്പള്ളി റോയി ഡോമനിക്ക് ( 42) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിരാജയെയും രേണുവിനേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിക്കപ്പിൽ കുടുങ്ങിക്കിടന്ന റോയി ഡോമനിക്കിനെ ഹരിപ്പാട് നിന്നെത്തിയ അഗ്നിശമന സേന വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്ക് പറ്റിയ റോയി ഡോമനിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൻ ഡ്രൈവറെ പുറത്തെടുക്കുന്നതിനിടയിൽ പരിക്കേറ്റ അഗ്നിശമന വിഭാഗത്തിലെ ഡ്രൈവർ പല്ലന സ്വദേശി അഭിലാഷിനെ ഹരിപ്പാട് താലുക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശ്രുശൂഷ നൽകി. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പൊലിസും അഗ്നിശമന സേനയും, ഹരിപ്പാട് എമർജൻസി റസ്ക്യു ടീം അംഗങ്ങളും ഗതാഗതം നിയന്ത്രിച്ചു. അഗ്നിശമന സ്റ്റേഷൻ ഓഫിസർ ബൈജു, ലീഡിംഗ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ ഷാജു, ധനേഷ്, സജി, മനു അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.