rgt

ഹരിപ്പാട്: വേണമെങ്കിൽ ചക്ക വേരിലും കായിക്കും എന്ന പഴം ചൊല്ല് ഉദയകുമാർ എന്ന കർഷകൻ ഒന്ന് മാറ്റി എഴുതുകയാണ്. വേണമെങ്കിൽ പച്ചക്കറി വെള്ളത്തിലും കായിക്കുമെന്ന് ഉദയകുമാർ തെളിയിച്ചു.

കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻവീട്ടിൽ ഉദയകുമാർ (52) പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനാണ്. ഉദയന് സ്വന്തമായുള്ള ഭൂമിയിലധികവും തോടാണ്. കരഭൂമി കുറച്ചു മാത്രം. പച്ചക്കറി കൃഷിക്ക് കര തന്നെ വേണമെന്നുള്ള നിർബന്ധബുദ്ധിയൊന്നും ഉദയകുമാറിനില്ലായിരുന്നു. കഷ്ടപ്പെടാനൊരു മനസുണ്ടെങ്കിൽ വെള്ളത്തിലും വിളയിക്കാനാകും നൂറുമേനിയെന്ന ആത്മവിശ്വാസവും തുണയായി.

ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഉദയന്റെ വെള്ളത്തിലെ കൃഷി. ചെടിയുടെ ചുവട് കരയിൽ നിർത്തി തോട്ടിലേക്ക് പന്തലിട്ട് പടർത്തി കൃഷിചെയ്യുന്ന രീതിയാണ് വർഷങ്ങളായി ഉദയൻ സ്വീകരിച്ചു പോരുന്നത്. പാവൽ, പടവലം എന്നിവ പോലെ പടർന്ന് പന്തലിക്കുന്ന കൃഷിക്ക് ഏറ്റവും നല്ലത് വെള്ളത്തിലെ കൃഷിയാണെന്ന് ഉദയൻ തന്റെ അനുഭവത്തിലൂടെ പറയുന്നു. വിളവെടുക്കാനുള്ള സൗകര്യമാണ് ഒന്നാമത്തത്. തെർമോക്കോൾ വള്ളത്തിൽ തുഴഞ്ഞ് പോയാണ് വിളവെടുപ്പ്. . പന്തലിന്റെ അടിയിലൂടെ നടന്നുള്ള വിളവെടുപ്പിനേക്കാൽ സൗകര്യപ്രദമാണ് വള്ളത്തിൽ ഇരുന്നുകൊണ്ടുള്ള വിളവെടുപ്പെന്ന് ഉദയൻ പറയുന്നു.

കരയിൽ കൃഷിചെയ്യുമ്പോൾ പന്തലിന്റെ അടിയിൽ പുല്ല് വളർന്ന് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിലെ കൃഷിക്ക് അങ്ങനെയൊരു പ്രശ്നമേയില്ല. മാത്രമല്ല, വെള്ളത്തിന് മുകളിൽ പന്തലിട്ടുള്ള കൃഷിക്ക് കീടബാധ കുറവാണെന്ന് ഉദയൻ സാക്ഷ്യപ്പെടുത്തുന്നു. ഈ ഓണക്കാലത്ത് 700 കിലോയിലധികം പാവക്കയാണ് വിവിധ കൃഷിഭവനുകളിലെ ഓണച്ചന്തകളിലും ഇക്കോഷോപ്പുകളിലുമായി ഉദയൻ നൽകിയത്. 50 സെന്റ് സ്ഥലത്തോളം വെള്ളക്കെട്ടിൽ ഉദയൻ പന്തലിട്ടിട്ടുണ്ട്. വർഷത്തിൽ ഏറെ മാസവും തോട്ടിൽ ഓരുവെള്ളമാണുള്ളത്. നല്ല വെള്ളം ലഭിക്കുന്ന കാലവർഷ സമയത്താണ് ഉദയകുമാർ വെള്ളത്തിലെ കൃഷി ആരംഭിക്കുക. സ്ഥിരം പന്തൽ സ്ഥാപിച്ച് വെള്ളത്തിലെ കൃഷി വിപുലപ്പെടുത്താനാണ് ഉദയന്റെ തീരുമാനം.

സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും ജൈവ കൃഷിരീതി അവലംബിച്ച് അഞ്ചേക്കറോളം സ്ഥലത്ത് പാവൽ, പടവലം, മുളക്, ചീര, വാഴ, പപ്പായ, പയർ, തക്കാളി തുടങ്ങി വിവിധങ്ങളായ കൃഷികൾ സീസണനുസരിച്ച് സ്ഥിരമായി ചെയ്തുവരുന്നുണ്ട്. കൃഷിയിൽ തന്റേതായ പരീക്ഷണങ്ങളും നടത്തും. വൈദ്യുതി കണക്‌ഷൻ കിട്ടാൻ പ്രയാസമുള്ള സ്ഥലത്ത് ബൈക്കിൽ മോട്ടോർ ഘടിപ്പിച്ച് കുഴൽക്കിണറിൽ നിന്ന് ജലസേചനം നടത്തുന്ന രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.