sreedharan-pillai

ആലപ്പുഴ: എതിർപ്പുകൾ ഉണ്ടായിട്ടും വോട്ടിന്റെ അംഗബലം നോക്കിയല്ല കേന്ദ്രസർക്കാർ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിലെ പ്രവാസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയപ്പെടാനുള്ളതല്ല ഭരണകൂടം. സമൂഹത്തിൽ മാറ്റവും പൗരന് നീതിയും ഉറപ്പാക്കാൻ നിർഭയമായി തീരുമാനം നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിന് വേണം. സംസ്ഥാനത്ത് നിന്ന് ആറ് കേന്ദ്രമന്ത്രിമാർ അംഗമായിരുന്ന മുൻകേന്ദ്രസർക്കാർ സംവരണ വിഷയത്തിൽ തീരുമാനം എടുക്കാൻ ഭയപ്പെട്ടിരുന്നതായി ഒരു പ്രബല സമുദായ നേതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. പ്രവാസി മേഖലയിൽ ജോലിചെയ്യാൻ കൂടുതൽപേർ താത്പര്യം കാണിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. യോഗക്ഷേമ സഭ വൈസ് പ്രസിഡന്റ് സ്വർണത്ത് നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട് ചീഫ് എക്സിക്യൂട്ടീവ് കെ.ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി, വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി, ഇ.വി.വാമനൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കെ.എൻ.ശ്രീഹരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി എന്നിവർ സംസാരിച്ചു.