അമ്പലപ്പുഴ: സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞ പച്ചക്കറി ലോറിയിലേക്ക് എതിരെ വന്ന ബൈക്ക് ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവർക്കും ബൈക്ക്, സൈക്കിൾ യാത്രികർക്കും പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ ദേശീയപാതയിൽ അറവുകാട് ഭാഗത്തു നടന്ന അപകടത്തിൽ ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി കുത്തബുദ്ദീൻ (49), സൈക്കിൾ യാത്രക്കാരനും പത്രം ഏജന്റുമായ പുന്നപ്ര എട്ടുകണ്ടത്തിൽ വീട്ടിൽ ജയകുമാർ (64), ബൈക്ക് യാത്രക്കാരനായ ആലപ്പുഴ കുതിരപ്പന്തി ചിറമുറിക്കൽ വീട്ടിൽ ഹാഷിം (57) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേട്ടുപ്പാളയത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ലൈലാൻഡ് ലോറിയുടെ മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ സൈക്കിൾ യാത്രികൻ ശ്രമിക്കുന്നതിനിടെ ലോറി സഡൻ ബ്രേക്കിട്ടതാണ് മറിയാൻ കാരണമായത്. ഈ സമയം എതിർ ദിശയിൽ വരികയായിരുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെടാതിരാക്കൻ ശ്രമിക്കുന്നതിനിടെയാണ് ഇതിനു പിന്നിലായി വന്ന ബൈക്ക് മറിഞ്ഞുകിടന്ന ലോറിയിലേക്കു പാഞ്ഞു കയറിയത്.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പുന്നപ്ര പൊലീസിന്റെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് ഉച്ചയ്ക്ക് 12 ഓടെ ലോറി നീക്കം ചെയ്താണ് കുരുക്ക് ഒഴിവാക്കിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ലോറിയിലെ പച്ചക്കറി മറ്റൊരു ലോറിയിൽ കയറ്റി അയച്ചു.