
കുട്ടനാട്: പ്രളയ ദുരന്തത്തിൽ വീടിനോടൊപ്പം കുടുംബനാഥനെയും നഷ്ടപ്പെട്ട കിടങ്ങറ തൈപ്പറമ്പിൽ ലതാ സലിമോന് 'ചങ്ങനാശേരി ജംഗ്ഷൻ' ഫേസ്ബുക്ക് കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കൊച്ചി മറൈൻ ഡ്രൈവിലെ വ്യാപാരി നൗഷാദ് നിർവ്വഹിച്ചു.
വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി ജംഗ്ഷൻ ഗ്രൂപ്പ് ചീഫ് അഡ്മിൻ വിനോദ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. 2018ലെ പ്രളയത്തിൽ വീട് നശിച്ചതു കണ്ട മനോവിഷമത്തിൽ ഹൃദയാഘാതം മൂലംമരിച്ച സലിമോന്റെ ഭാര്യ ലതയും മകൻ അഖിലും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. എട്ടു ലക്ഷം രൂപ ചെലവഴിച്ച് 600 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചത്.
കുടുംബത്തിന്റെ അവസ്ഥ 'കേരളകൗമുദി'യിലൂടെ അറിഞ്ഞ ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വീടു നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ എസ്.കമലമ്മ, എം.പി.സജീവ്, അഡ്വ.സജികുമാർ, മുൻ ബ്ലോക്ക്പഞ്ചായത്തംഗം സി.വി. രാജീവ്,സുഭാഷ് പറമ്പിശ്ശേരി, അഡ്മിൻമാരായ പി.എ.നവാസ് , ഡോ.ബിജു ജി.നായർ, രഞ്ജിത്ത് പൂവേലി, ജിനോ ജോര്‍ജ്, അലക്‌സ് വർഗ്ഗീസ്, ഷൈനി അഷറഫ് തുടങ്ങിയവർ സംസാരിച്ചു.