kalunk

മാന്നാർ: ചെറിയനാട് ​ആലപ്പാട്ട് അച്ചൻകോവിൽ കൊല്ലകടവ് റോഡിലെ ചിറ്റേത്ത്പടി കലുങ്ക് നിർമ്മാണം അഞ്ചുമാസം പിന്നിട്ടിട്ടും ഇഴയുന്നു. ഗതാഗതം മുടങ്ങിയതോടെ പ്രദേശവാസികളുടെ ദുരിതം ഇരട്ടിയായി.

14​-ാം വാർഡിലൂടെ കടന്നുപോകുന്ന റോഡ് തടഞ്ഞാണ് പഞ്ചായത്ത് കലുങ്ക് നിർമ്മാണം ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ ആദ്യം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതു മൂലം തേവരക്കുളം ​പുലിമുഖം ഒഴുക്കുതോടിന്റെ നീരൊഴുക്കും തടസപ്പെട്ടു.

ചെറിയനാട് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി സ്​കൂളിലേക്കുള്ള കുട്ടികളും എസ്.എൻ കോളേജ്, സ്​കൂൾ എന്നിവിടങ്ങളിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന വാഹനങ്ങൾക്കും കടന്നുപോകാൻ സാധിക്കുന്നില്ല. മാത്രമല്ല, ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രമടക്കം ഇവിടെങ്ങളിലുള്ള നിരവധി ആരാധനാലയങ്ങളിൽ ദർശനത്തിനെത്തുന്നവരും ഈ വഴിയെ ആണ് ആശ്രയിച്ചിരുന്നത്.

............................................

കലുങ്ക് നിർമാണം അനിശ്ചിതത്വത്തിലായതിനാൽ ആശുപത്രി യാത്രപോലും മുടങ്ങുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ പെട്ട ഈ റോഡിലേക്ക് മറ്റ് മൂന്ന് റോഡുകളാണ് ചേരുന്നത്. ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള എളുപ്പമാർഗം കൂടിയാണിത്. ഈ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണം.

പ്രദേശവാസികൾ