photo

 ചേർത്തല തെക്കു ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി

ചേർത്തല: ദേശീയപാതയിൽ ചേർത്തല പോളിടെക്‌നിക് കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രിയോടെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തെക്കൻ പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് കുടിവെള്ളം മുടങ്ങുമെന്ന് ഉറപ്പായി. എൻ.എസ്.എസ് കോളേജിന് വടക്ക് ഭാഗത്ത് കഴിഞ്ഞ 24ന് പൈപ്പ് പൊട്ടിയപ്പോൾ തെക്കൻ മേഖലയിലെ ആറു പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങിയിരുന്നു.

ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിൽ നിലവിൽ ജലവിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ചേർത്തല നഗരസഭയിലും തണ്ണീർമുക്കം, പള്ളിപ്പുറം പഞ്ചായത്തുകളിലും ഭാഗികമായും ജലവിതരണം തടസപ്പെട്ടു. ഇവിടങ്ങളിൽ സിംഗിൾ പമ്പിംഗ് നടത്തുമെന്ന് അധികൃതർ അറയിച്ചു.

ജപ്പാൻ ശുദ്ധജല വിതരണത്തിനായി ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന 600 എം.എം ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് പൈപ്പ് (ജി.ആർ.പി) ആണ് പൊട്ടിയത്. ദേശീയപാതയോരത്ത് ആയതിനാൽ നന്നാക്കാൻ ദേശീയപാത വിഭാഗത്തിന്റേതുൾപ്പെടെ പ്രത്യേക അനുമതി ആവശ്യമാണ്. എങ്കിലും ഇന്നലെത്തന്നെ അ​റ്റകു​റ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയിൽ നിന്നു വെള്ളം നീക്കുന്ന ജോലികളാണ് ആദ്യം പൂർത്തിയാക്കുന്നത്. ശേഷം കുഴിയിലെ മണൽ നീക്കി പൊട്ടിയ പൈപ്പ് ഭാഗം മുറിച്ച് പുതിയ പൈപ്പ് ഘടിപ്പിക്കുന്ന ജോലികൾ നടത്തിയ ശേഷം ട്രയൽ പമ്പിംഗ് നടത്തി സാധാരണനിലയിൽ പമ്പിംഗ് പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം.19 ന് രാവിലെ പമ്പിംഗ് ആരംഭിക്കാമെന്നും പ്രതീക്ഷിക്കുന്നു.

നാളുകൾക്കു മുമ്പ് വടക്കേ അങ്ങാടി കവലയിൽ പൈപ്പ് പൊട്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. താലൂക്കിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി കോടികൾ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. ഗുണ നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചതാണ് നിരന്തരം പൊട്ടലിന് കാരണമെന്ന് വിമർശനമുണ്ട്.