ചേർത്തല: ലഹരിമരുന്ന് മണപ്പിച്ച് ബോധംകെടുത്തി സ്വർണാഭരണം കവർന്നതായി പരാതി നൽകിയ, ആശാവർക്കറായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ദൂരൂഹ സാഹചര്യത്തിൽ കണ്ടെത്തി. വയലാർ പഞ്ചായത്ത് 13-ാം വാർഡ് മാന്തറ പ്രകാശന്റെ ഭാര്യ വത്സമ്മയുടെ (54) മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് നാലോടെ തീരദേശപാതയിൽ 11-ാം മൈൽ ജംഗ്ഷന് പടിഞ്ഞാറ് പി.എസ് കവലയിലെ റെയിൽവേ ക്രോസിന് സമീപം കണ്ടെത്തിയത്.
വത്സമ്മയെ കാണാനില്ലെന്ന് പരാതി നൽകാൻ രാത്രിയോടെ മകൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്നാണ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആളെ തിരിച്ചറിയാതെ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് സാന്നിദ്ധ്യത്തിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
സെപ്തംബർ 2ന് വയലാർ കവലയ്ക്ക് സമീപം ഫീൽഡ് പ്രവർത്തനത്തിനിടെ അജ്ഞാതൻ ലഹരി മരുന്ന് മണപ്പിച്ച് ബോധം കെടുത്തി ആറേകാൽ പവൻ തട്ടിയെടുത്തതായി ചേർത്തല പൊലീസിൽ വത്സമ്മ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം. അന്നു രാവിലെ 10ന് നടന്ന കവർച്ചാ സംഭവത്തിന് ശേഷം രാത്രി എട്ടരയോടെ ബോധം വന്നപ്പോൾ താൻ ആളൊഴിഞ്ഞ ഒരു വീട്ടിൽ കിടക്കുകയായിരുന്നുവെന്നും ഫോണിൽ വീട്ടുകാരെ വിളിച്ചറിയിച്ചാണ് രക്ഷപ്പെട്ടതെന്നും മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പ്രണവ്, ആവണി.
മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണോയെന്ന് സംശയിക്കുന്നതായും സ്വർണം തട്ടിയെടുത്ത സംഭവം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.