ഹരിപ്പാട്: ഈഴവ വിഭാഗത്തിന് സംവരണം ഉണ്ടായിട്ടു പോലും അതിന്റെ യഥാർത്ഥ ഗുണം ഇന്നും ലഭിക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാർത്തികപ്പള്ളി യൂണിയൻ 280-ാം നമ്പർ പൊത്തപ്പള്ളി ശാഖയിലെ ഗുരുദേവ പ്രാർത്ഥനാഹാളിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംവരണം പോലും പോലും അട്ടിമറിക്കപെടുന്നു. മറ്റ് സമുദായങ്ങൾക്കാണ് സംവരണക്കാരേക്കാൾ കൂടുതൽ ജോലിയും അധികാരവും ലഭിക്കുന്നത്. ഒന്നായി നിന്നാൽ മാത്രമേ നന്നാകൂ. ഈഴവൻ എല്ലാ കൊടിയുടെയും പുറകേ പോകും. ഒരു കൊടിയുടെ കീഴിലും ഉറച്ച് നിൽക്കില്ല. ഈഴവന്റെ ഇല്ലായ്മ പറഞ്ഞുള്ള കരച്ചിൽ തീരാൻ അധികാരത്തിൽ പങ്കാളിത്തം ഉണ്ടാകണം. മതേതരത്വമെന്ന് പറയുന്നത് ഒരു കള്ള നാണയമാണ്. ഇന്ന് മതമുണ്ട്, ജാതിയുണ്ട്, വർണ്ണമുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ രാഷ്ട്രീയപാർട്ടികൾ സംഘടിതരായ സമുദായങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നു. അതിനാൽ തന്നെ രാഷ്ട്രീയ അധികാരം ഈഴവനിൽ നിന്നു അകന്നു. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറിയപ്പോൾ ഈഴവന് നീതി ലഭിക്കാതെയായി. ആദർശ രാഷ്ട്രീയം പറഞ്ഞ് നമ്മളെ ഒതുക്കുന്നു. മതേതരത്വം പറഞ്ഞും പഠിപ്പിച്ചും മറ്റുള്ളവർക്ക് വോട്ട് ചെയ്യാൻ നിർബന്ധിതിരാക്കുന്നു. ജനാധിപത്യം മാറി വോട്ട് ബാങ്ക് രാഷ്ടീയത്തിലേക്ക് രാഷ്ട്രീയക്കാർ ചിന്തിക്കാൻ തുടങ്ങിയപ്പോൾ വോട്ട് ബാങ്കുകളുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ അവർ തയ്യാറായി. ഗുരുവിന്റെ സംഘടനാ സന്ദേശങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇതിന് മാറ്റമുണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവ വിഗ്രഹ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ചുറ്റുമതിൽ ശിലാസ്ഥാപനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവ്വഹിച്ചു. ഓഫീസ് റൂം സമർപ്പണം ശാഖ പ്രസിഡന്റ് എൽ.രാജനും കുമാരനാശാൻ സ്മാരക പ്രാർത്ഥനാ ഹാളിന്റെ ശിലാസ്ഥാപനം രാജൻ ചെറുമനശ്ശേരിലും നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ അദ്ധ്യക്ഷനായി. മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രിൻസ് പ്രസന്നൻ, ടി.എസ്. അതുൽ എന്നിവരെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സലിംകുമാർ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഡോ.ടി.ഡി. ശോഭന, കെ.സോമൻ എന്നിവർ ആദരിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം ഗ്ളമി വാലടിയിൽ, യൂണിയൻ കൗൺസിലർമാരായ സുധീർ, ടി.മുരളി, പൂപ്പള്ളി മുരളി, പി.ശ്രീധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാല സലിം, യൂണിയൻ കമ്മറ്റിയംഗം എം.ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.