ആലപ്പുഴ: കുട്ടിക്കലാകാരൻമാരെ മികവിന്റെ പര്യായമാക്കാൻ മയിൽപ്പീലിക്കൂട്ടം പദ്ധതിയുമായി ആര്യാട് ബ്ളോക്ക് പഞ്ചായത്ത്. ബ്ലോക്ക് പ്രദേശത്തെ 13 യു.പി സ്‌കൂളുകളിൽ നിന്നായി ചിത്രരചന, അഭിനയം, സാഹിത്യം, നൃത്തം, സംഗീതം, വാദ്യം എന്നിവയിൽ അഭിരുചിയുള്ള 250 ഏഴാം ക്ളാസ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവരെ കലാരംഗത്തെ മികച്ചവരാക്കുന്നതാണ് മയിൽപ്പീലിക്കൂട്ടം പദ്ധതി.
പതിനഞ്ച് വർഷം കഴിയുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ മികച്ച കലാകാരൻമാരുള്ള നാടായി ആര്യാട് ബ്ലോക്കിനെ മാറ്റുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഓരോ കലാവിഭാഗത്തിലെയും പ്രഗത്ഭരുടെ ഒരു പാനൽ ഇതിന്റെ സ്‌ക്രീനിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിൽ മൂന്നുവർഷം നീണ്ടു നിൽക്കുന്ന പരിശീനം നല്കും. ബിനാലെ അടക്കമുള്ള കലാമേളകൾ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കുക, പ്രമുഖ എഴുത്തുകാരും കലാകാരൻമാരുമായി സംവദിക്കാൻ വേദിയൊരുക്കുക, പ്രദേശത്തെ എല്ലാ സ്‌കൂളുകളിലേയ്ക്കും കുട്ടികളുടെ നാടകയാത്രകൾ നടത്തുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. ഒരു ഷോട്ട് ഫിലിമും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
മനോജ് ആർ. ചന്ദ്രന്റെ നേതൃത്വത്തിൽ നാട്യ മൂല, പുന്നപ്ര ജ്യോതികുമാറിന്റെയും ആർ.ചന്ദ്രലാലിന്റെയും നേതൃത്വത്തിൽ എഴുത്ത് മൂല, മാജിചന്ദ്രന്റെയും വിനീഷ്യയുടെയും നേതൃത്വത്തിൽ നൃത്തമൂല, രാകേഷ് മാന്നാറിന്റെനേതൃത്വത്തിൽ പാട്ടുമൂല, രാകേഷ് കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ മേളമൂല, സിറിൾ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ വരമൂല എന്നിങ്ങനെയാണ് വിവിധ കളി മൂലകൾ. മയിൽപ്പീലിക്കൂട്ടംപുതിയ ബാച്ചിന്റെ ഉദ്ഘാടനം കലവൂർ ഗവ. ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ ആലപ്പി ഋഷികേശ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, പുന്നപ്ര ജ്യോതികുമാർ,ടി.ശ്രീഹരി, ലീലാമ്മ ജേക്കബ്, കെ.ശ്രീദേവി വി.വി.മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് കോ-ഓഡിനേറ്റർ ജയൻ തോമസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം ജി.ജയതിലകൻ നന്ദിയും പറഞ്ഞു.