aji

ഹരിപ്പാട്: വീടിന്റെ വാസ്തുബലി ദിവസം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥൻ തോട്ടിൽ വീണ് മരിച്ചു. ദുരന്ത വിവരം മറച്ചുവച്ച് വിതുമ്പലടക്കിനിന്ന ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സ്വപ്നവീടിന് ഗൃഹനാഥ പാലുകാച്ചി.

മഹാദേവികാട് മുക്കേൽ മുരളിയുടെ മകൻ അജി (കുട്ടൻ- 31) ആണ് ദുരന്തനായകനായത്. ഇന്നലെയായിരുന്നു പാലുകാച്ചൽ നിശ്ചയിച്ചിരുന്നത്. രാവിലെ 6.30 ഓടെ ക്ഷേത്രദർശനം കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടെ വീടിന് സമീപത്തെ തോട്ടിൽ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. തോട്ടിൽ സൈക്കിൾ കിടക്കുന്നതു കൊണ്ട് കണ്ട സ്ത്രീകൾ വിവരം പറഞ്ഞതിനെത്തുടർന്ന് പ്രദേശവാസികൾ സൈക്കിൾ ഉയർത്തിയപ്പോഴാണ് അജിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു.

പാലുകാച്ചൽ മുഹൂർത്തമായിട്ടും അജിയെ കാണാതിരുന്നതിനാൽ ഭാര്യ സുബിത ഇക്കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു. മുഹൂർത്തം തെറ്റിക്കേണ്ടെന്നു പറഞ്ഞ് ബന്ധുക്കൾ നിർബന്ധിച്ചതിനാലാണ് സുബിത ചടങ്ങിന് തയ്യാറായത്. ഇതിനു ശേഷമാണ് അജിക്ക് ചെറിയൊരു അപകടം പറ്റിയെന്നു മാത്രം ബന്ധുക്കൾ അറിയിച്ചത്. രാത്രി വൈകിയാണ് യാഥാർത്ഥ്യം സുബിയ അറിഞ്ഞത്. ആറ്റുനോറ്റ് കാത്തിരുന്ന് കെട്ടിപ്പൊക്കിയ വീടിന്റെ പുതുമണം നിറഞ്ഞ പൂമുഖത്തേക്ക്, ഇന്ന് പോസ്റ്റ്മോട്ടത്തിനു ശേഷം അജി കടന്നുവരും, വെള്ളപുതച്ച്...

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. മകൻ: നന്ദുക്കുട്ടൻ. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ മോർച്ചറിയിൽ.