ആലപ്പുഴ: ആട്ടോറിക്ഷകൾ മീറ്റർ ഇട്ട് ഓടുമോ? ഇൗ ചോദ്യം ആലപ്പുഴക്കാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാരണം ജില്ലയിലെ ഭൂരിഭാഗം ആട്ടോറിക്ഷക്കാരും മീറ്റർ പ്രവർത്തിപ്പിച്ചല്ല ഓടുന്നത്. മീറ്ററേയില്ലാത്ത ഓട്ടോകളും കൂട്ടത്തിലുണ്ട്. മീറ്റർ റേറ്റിലേ കൂലി വാങ്ങാവുള്ളു എന്നിരിക്കെ പലപ്പോഴും ഇവർ ഈടാക്കുന്നത് കൊള്ളചാർജുമാണ്. ഒരു കിലോമീറ്റർ ദൂരം വരാൻ 25 രൂപ മതിയെങ്കിൽ നഗരത്തിൽ 40 രൂപ വരെ വാങ്ങിയ വിരുതൻമാരുമുണ്ട്.
സാധാരണക്കാരാണ് ആട്ടോറിക്ഷകളുടെ അമിത കൂലിക്ക് ഇരയാകുന്നത്. തൊട്ടടുത്ത ജില്ലകളിൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത ആട്ടോറിക്ഷകൾക്കെതിരെ നടപടി ശക്തമാണെങ്കിലും ഇവിടെ എല്ലാം മുറ പോലെയാണ്. പരാതി നൽകിയാൽ മാത്രം നടപടി. പരാതിയുമായി നടക്കാൻ താത്പര്യമില്ലാത്തതിനാൽ പലരും ഇതിന് മുതിരാറുമില്ല.
എന്നാൽ, മീറ്റർ ചാർജിൽ ഓടിയാൽ മുതലാകില്ല എന്നാണ് ഭൂരിപക്ഷം ആട്ടോറിക്ഷ തൊഴിലാളികളും പറയുന്നത്. പെട്രോൾ വിലയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവുമാണ് ചാർജ് കൂടുതൽ ഇൗടാക്കുന്നതിനുള്ള ന്യായീകരണമായി ഇവർ നിരത്തുന്നത്.
ജില്ലയിൽ ലീഗൽ മെട്രോളജിയുടെ കണക്ക് പ്രകാരം 9053 ആട്ടോറിക്ഷകൾ മാത്രമാണ് ഇൗ വർഷം മീറ്റർ സ്റ്റാമ്പ് ചെയ്തത്. എന്നാൽ ഇതിന്റെ ഇരട്ടിലധികം ആട്ടോറിക്ഷകളാണ് നിരത്തിൽ ഒാടുന്നത്. മീറ്റർ ഘടിപ്പിച്ച ആട്ടോറിക്ഷകളിലാകട്ടെ അവ പ്രവർത്തിപ്പിക്കാറുമില്ല.
ആട്ടോക്കാർ പറയുന്നത്
നഗരത്തിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ആട്ടോറിക്ഷകൾക്കാതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് തൊഴിലാളികൾ പറയുന്നത്. മോട്ടർ വാഹന വകുപ്പോ, പൊലീസോ ഇതിനു തയ്യാറാകുന്നില്ല. മീറ്റർ ഇല്ലാത്തതിന്റെ പേരിൽ മാത്രമാണ് നടപടി.നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് വേണം മീറ്റർ സംവിധാനം നടപ്പിലാക്കാൻ. ജില്ലയിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കമ്മിഷനെ നിയോഗിക്കാൻ അധികൃതർ തയ്യാറാകണം
9053
ജില്ലയിൽ ലീഗൽ മെട്രോളജിയിൽ നിന്ന് ഈ വർഷം മീറ്റർ സ്റ്റാമ്പ് ചെയ്ത ആട്ടോറിക്ഷകൾ
ലീഗൽ മെട്രോളജിയിൽ നിന്ന്
സ്റ്റാമ്പ് ചെയ്ത ആട്ടോകളുടെ എണ്ണം
# ആലപ്പുഴ-അമ്പലപ്പുഴ: 3336
# ചെങ്ങന്നൂർ: 266
# കാർത്തികപ്പള്ളി: 1241
# മാവേലിക്കര: 956
# കുട്ടനാട്: 154
# ചേർത്തല: 3100
........
''യാത്രക്കാർ പരാതിപ്പെട്ടാൽ ആരോപണവിധേയരായ ആട്ടോ ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. അമിത കൂലി ഇൗടാക്കുന്ന ആട്ടോകളുടെ വണ്ടി നമ്പരും ഏത് സ്റ്റാൻഡിൽ നിന്നാണ് കയറിയതെന്നും പരാതിയിൽ സൂചിപ്പിച്ചാൽ മതി.
(മോട്ടോർ വാഹന വകുപ്പ് അധികൃതർ)
......
'' ലീഗൽ മെട്രോളജിയിൽ നിന്ന് ജില്ലയിലെ എല്ലാ ഒാട്ടോറിക്ഷകൾക്കും മീറ്റർ സ്റ്റാമ്പ് ചെയ്ത് നൽകിയിട്ടുണ്ട്. അപകടം പറ്റിയ വാഹനങ്ങളിൽ നിന്ന് അനുമതിയോടെയാണ് മീറ്ററുകൾ നീക്കം ചെയ്യുന്നത്. മീറ്റർ ഘടിപ്പിക്കാതെയും മീറ്റർ ഇടാതെയും സർവീസ് നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഇൗടാക്കും.
(ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ)
......
'' മീറ്റർ ഇടാതെ ആട്ടോ ഒാടുന്ന ഏക സ്ഥലം ആലപ്പുഴയാണ്. മറ്റ് ജില്ലകളിൽ നിയമം കർക്കശമാണ് . ഇവിടെ തോന്നിയ കൂലിയാണ് ഇൗടാക്കുന്നത്. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിന് കിഴക്ക് പള്ളിയിൽ നിന്ന് മിനർവ കോളേജ് വരെ കഷ്ടിച്ച് ഒരു കിലോമീറ്റർ പോയതിന് ആട്ടോക്കാരൻ 25 രൂപയ്ക്ക് പകരം ഇൗടാക്കിയത് 40 രൂപയാണ്.
യാത്രക്കാരൻ