ആലപ്പുഴ: കേരള സർവകലാശാലയുടെ ആലപ്പുഴയിലെ ഇൻഫർമേഷൻ സെന്ററും സ്റ്റഡി , റിസർച്ച് സെന്ററും സർവകലാശാലയുടെ റീജിയണൽ സെന്ററായി ഉയർത്തും. കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗമാണ് ആലപ്പുഴയിൽ സവർകലാശാലയുടെ റീജിയണൽ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതോടെ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സേവനങ്ങൾ ഇവിടെയും ലഭ്യമാകും.
ഡിഗ്രി സർട്ടിഫിക്കറ്റ് ഒഴികെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും, രേഖകളും റീജിയണൽ സെന്ററിൽ നിന്ന് ലഭ്യമാക്കും. ഇതിനായി നിലവിലെ ഇൻഫർമേഷൻ സെന്ററിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ വിഭാഗത്തെ ഇവിടേക്ക് നിയമിച്ചു. പി.ഒ.എസ് മെഷീൻ സ്ഥാപിച്ച് ഓൺലൈനായി വിദ്യാർത്ഥികൾക്ക് എല്ലാത്തരം ഫീസുകളും അടക്കാൻ സൗകര്യം ഒരുക്കും. വിദ്യാർത്ഥികളുടെടെ പരാതികളും, അപേക്ഷകളും തൽസമയം തിരുവനന്തപുരത്ത് സർവകലാശാലാ ആസ്ഥാന കേന്ദ്രത്തിലെത്തിച്ച് പരിഹാരം കാണുന്നതിനും സംവിധാനമുണ്ടാകും. സെന്റർ ഫോർ റൂറൽ സ്റ്റഡീസ് എന്ന നിലയിൽ സർവകലാശാലയുടെ ഒരു പഠന വകുപ്പ് ആരംഭിക്കാനും കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് തീരുമാനിച്ചു.
റിസർച്ച് ലൈബ്രറി
നിലവിലുള്ള ലൈബ്രറി വിപുലീകരിച്ച് ഗവേഷണ പ്രാധാന്യമുള്ള ലൈബ്രറിയായി ഉയർത്തും. 5500 ഗവേഷണ പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങൾ വാങ്ങാൻ അനുവദിച്ച 12 ലക്ഷത്തിൽ നിന്ന് 10ലക്ഷം രൂപ മുടക്കി പുസ്തകങ്ങൾ വാങ്ങി . ഓഫീസ് പ്രവർത്തനത്തിന് 50ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. 45കമ്പ്യൂട്ടറുകൾ സ്ഥാപിക്കാനുള്ള ഓഫീസ് സൗകര്യവും ഒരുക്കി.
ജില്ലയിലെ കോളേജുകൾ
സർക്കാർ കോളേജ് :ഒന്ന്, സ്വകാര്യ മാനേജ്മെന്റ് കോളേജ്-11, സെൽഫ് ഫിനാൻസ് കോളേജ്-13, ആർട്സ് കോളേജ് -ഒന്ന്, ഗവ. ട്രെയിനിംഗ് കോളേജ്-2, മാനേജ്മെന്റ് ട്രെയിനിംഗ് കോളേജ്-5, യു.ഐ.ടി.സി-7, യു.ഐ.എം - ഒന്ന്.
ചരിത്രം
മന്ത്രി ജി.സുധാകരൻ കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഫിനാൻസ് കമ്മിറ്റി കൺവീനർ ആയിരിക്കെയാണ് ആലപ്പുഴയിൽ ഇൻഫർമേഷൻ സെന്റർ അനുവദിച്ചത്. 1988ൽ തത്തംപള്ളിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.. 1990ൽ കളർകോട് എസ്.ഡി കോളേജിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ഇൻഫർമേഷൻ സെന്ററിനോടൊപ്പം സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ കൂടി അനുവദിച്ചു. ജി.സുധാകരൻ ഇടപെട്ട് ചങ്ങനാശ്ശേരി ജംഗ്ഷനിൽ ദേശീയപാതയുടെ ഓരത്ത് 20സെന്റ് സ്ഥലം എസ്.ഡി. കോളേജ് മാനേജ്മെന്റിൽ നിന്ന് നേടിയെടുത്തു. ഇതിന് പുറമേ 8സെന്റ് സ്ഥലം വിലക്കു വാങ്ങി. 28സെന്റ് സ്ഥലത്ത് നാല് നില കെട്ടിടം നിർമ്മാണത്തിന് 1992 മേയ് 21ന് അന്നത്തെ വൈസ്ചാൻസലർ ഡോ. ജെ.വി.വിളനിലം തുടക്കം കുറിച്ചു. 1999 മാർച്ച് 3ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.പിന്നീട് ഒരുവർഷത്തിന് ശേഷമാണ് പുതിയ കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്.
500
ഇൻഫർമേഷൻ സെന്ററിൽ വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം ശരാശരി 500 വിദ്യാർത്ഥികളെത്താറുണ്ട്. റീജിയണൽ സെന്ററായി ഉയർത്തുന്നതോടെ സേവനം തേടി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും.