hospital

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒ. പി യിൽ ഇന്നലെ രാവിലെ ഡോക്ടർമാർ എത്തിയി​ല്ല. നൂറിലേറെ കുട്ടികൾക്ക് ചികിത്സ കി​ട്ടാതി​രുന്നതി​നെത്തുടർന്ന് രക്ഷി​താക്കൾ പ്രതി​ഷേധി​ച്ചു.

ശിശു രോഗ വിഭാഗത്തിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇവർ ഉച്ചതിരിഞ്ഞ് എത്തിയെങ്കിലും അപ്പോഴേയ്ക്കും പലരും സ്വകാര്യാശുപത്രികളിലേയ്ക്ക് പോയി​രുന്നു.

രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ഡോക്ടർമാരെ കാത്തിരുന്നുവെങ്കിലും കൃത്യമായി കാര്യങ്ങൾ വിശദീകരിയ്ക്കാൻ പോലും ആരും ഉണ്ടായിരുന്നി​ല്ലെന്ന് രോഗി​കൾ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ കുഞ്ഞുങ്ങളുമായി​ ചെന്നെങ്കി​ലും അവി​ടെയും ചി​കി​ത്സ ലഭി​ച്ചി​ല്ല. അത്യാസന്ന നിലയിലുള്ള കുട്ടികളെ മാത്രമേ പരിശോധിക്കുവെന്നതായി​രുന്നു അവരുടെ നി​ലപാട്.

തലേദിവസം രാത്രിവരെ ഡ്യൂട്ടി നോക്കിയതുകാരണമാണ് എത്താൻ വൈകിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്താനുള്ള നടപടി​കളും അധി​കൃതരുടെ ഭാഗത്തു നി​ന്നുണ്ടായി​ല്ല.