കായംകുളം: കാർത്തികപ്പള്ളി ഗവ:യു. പി. എസിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം നടത്തി.
കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്ന അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി ഭൂമിയുടെ രക്ഷാകവചമായി പ്രവർത്തിക്കുന്നത് ഓസോൺ പാളിയാണ്. ഇതിന് വലിയ അളവിൽ വിള്ളൽ വീഴ്‌ത്തുന്ന മാരക രാസവസ്തുക്കളായ ക്ലോറോ ഫ്ലൂറോ കാർബൺ , ഹാലോൺ , മീതെയ്ൽ ക്ലോറോഫോം എന്നിവയുടെ ഉപയോഗം തടഞ്ഞുകൊണ്ട് ഭൂമിയെ രക്ഷിക്കുന്നതിനുള്ള ബോധവത്കരണമാണ് ഓസോൺ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
കുട്ടികൾ ഓസോൺ ദിന സന്ദേശം എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.
ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ എച്ച്. എം. ജെ ശിവദാസ് അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ എൻ. രാജ്‌നാഥ് ഓസോൺ ദിന സന്ദേശം നൽകി. സയൻസ് ക്ലബ് ചെയർമാൻ ഇ.ആർ. ഉദയകുമാർ, രമേഷ്, ഷെരീഫ്, ജോബിൻ എന്നിവർ സംസാരിച്ചു.