മെഡി.കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
ആലപ്പുഴ : പുറമേ നിന്ന് നോക്കുമ്പോൾ വികസനത്തിന്റെ പാതയിലാണെന്ന് തോന്നുമെങ്കിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ കാര്യങ്ങളും അത്ര വെടിപ്പായല്ല നീങ്ങുന്നത്. തകർന്ന ജനലുകൾ, കക്കൂസ് ടാങ്കിൽ നിന്ന് ഒഴുകുന്ന മലിനജലം... തുടങ്ങി ആശുപത്രി വളപ്പിലെ തെരുവുനായ്ക്കളുടെ ശല്യം വരെ നീളുന്നു ആശുപത്രിയുടെ പരാധീനതകൾ.
ആശുപത്രി വളപ്പിൽ പുതിയ ബഹുനിലകെട്ടിടങ്ങൾ ഉയർന്നുപൊങ്ങുമ്പോഴും പഴയകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ മുതിരാത്തതാണ് പ്രധാന കാരണം . പഴയ കെട്ടിട സമുച്ചയത്തിന്റെ ജനലുകളിൽ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ശൗചാലയങ്ങളിൽ നിന്നുള്ള മാലിന്യങ്ങളടങ്ങിയ ജലം ആശുപത്രി പരിസരത്തേക്ക് ഒഴുകുന്നതും രോഗികൾക്ക് ദുരിതം വിതക്കുന്നു. മെഡിസിൻ വിഭാഗത്തിന്റെ നിരീക്ഷണമുറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്തുകൂടിയാണ് മലിനജലം ഒഴുകുന്നത്. കൂടാതെ കക്കൂസ് മാലിന്യ ടാങ്ക് നിറഞ്ഞുകവിഞ്ഞൊഴുകുന്നു. വാർഡുകളിലെ ലൈറ്റുകൾ പലതും പ്രവർത്തന രഹിതമാണ്. കനത്തമഴയിൽ പൊട്ടിയ ജനലുകളിലൂടെ വെള്ളം അകത്തേക്ക് അടിച്ചു കയറും. അറ്റകുറ്റപ്പണികൾക്കുള്ള നിർദേശം ആശുപത്രി അധികാരികൾ നൽകിയെങ്കിലും നടപടികൾ വൈകുന്നു.
മാലിന്യത്തൊട്ടി
മുൻ നിരയിലുള്ള എ മുതൽ ഡി വരെയുള്ള ബ്ളോക്കുകളുടെ നടുത്തളത്തിൽ മഴയത്ത്
വെള്ളം കെട്ടിക്കിടക്കും. മൂന്ന് ഐ.പി ബ്ളോക്കുകളോട് ചേർന്ന് സ്ഥാപിച്ച കക്കൂസുകളുടെ ടാങ്ക് നിറഞ്ഞ് ഒഴുകുന്നു. മഴ പെയ്യുന്നതോടെ ഈ മലിനജലം പ്രദേശത്ത് ഒഴുകി പരക്കും. ദ്രവമാലിന്യം സംസ്കരിക്കാൻ ആവശ്യമായ പ്ളാന്റ് ഉണ്ടെങ്കിലും ഇതിന്റെ കപ്പാസിറ്റി കുറവു കാരണമാണ് മലിനജലം ആശുപത്രി വളപ്പിൽ ഒഴുകിപ്പടരാൻ കാരണം.
തെരുവ് നായ്ക്കളുടെ താവളം
ആശുപത്രി വളപ്പിൽ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചു . കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ രോഗികൾക്ക് ഭീഷണി ഉയർത്തുന്നു. ആശുപത്രിയിലെത്തുന്നവർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ഒ.പി ബ്ളോക്ക്, മോർച്ചറി ഭാഗം,ജെ.ബ്ളോക്കിന് സമീപം, ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിൽ രാത്രിയിൽ സഞ്ചരിച്ചാൽ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകും. ആശുപത്രി വളപ്പിലെ കുറ്റിക്കാടുകളാണ് പകൽ സമയങ്ങളിൽ നായ്ക്കളുടെ താവളം.