local

മാവേലിക്കര: പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി ആക്രമിച്ചതായി പരാതി. ഓണാഘോഷത്തിന് വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി പുഷ്പ സദനത്തിൽ മനോജിന്റെ (48) വീട്ടിലാണ് ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾക്കും ഓണത്തിന് വിരുന്നിനെത്തിയവർക്കും ഉൾപ്പെടെ ഏഴ് പേർക്ക് മർദ്ദനമേറ്റു. ഭരണിക്കാവ് മുണ്ടേലത്ത് പടീറ്റതിൽ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് കുറത്തികാട് പൊലീസിൽ മനോജ് പരാതി നൽകി.

ശനിയാഴ്ച രാത്രി 10നാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി മനോജിന്റെ മക്കൾ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. പടക്കം പൊട്ടിക്കൊണ്ടിരുന്ന സമയം അഭിലാഷിന്റെ ബന്ധുക്കളും വള്ളികുന്നം സ്വദേശികളുമായ ദമ്പതികൾ സ്കൂട്ടറിൽ ഇതുവഴി പോയപ്പോൾ കുട്ടികൾ ഇവരെ തടഞ്ഞുനിർത്തി. ഇതേച്ചൊല്ലി ഇരു കൂട്ടരും വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ അഭിലാഷും സംഘവും വീടുകയറി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. മനോജിന്റെ അമ്മ ഭാനുമതി (67), ഭാര്യ രഞ്ജിനി (46), മക്കളായ അഭിഷേക് (22), രൂപിക (19), ബന്ധുക്കളായ റെനി രാജേന്ദ്രൻ (46), മകൻ നന്ദു (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.