photo



കുട്ടനാട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, വർഗീയ നയങ്ങൾ തിരുത്താൻ യോജിച്ചുള്ള സമരമാണ് ആവശ്യമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. മങ്കൊമ്പിൽ പി.കൃഷ്ണപിള്ള സ്മാരക ഹാളിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം അപകടരമായ അവസ്ഥയിലാണ്. ജനാധിപത്യവും മതേതരത്വവും മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തകർച്ചയിലാണ്. ഇതിനെതിരെ പോരാടാൻ കോൺഗ്രസിനും അവസരവാദികളായ മറ്റ് സംസ്ഥാന പാർട്ടികൾക്കും കഴിയില്ലെന്ന് തെളിഞ്ഞു. ജീവിത പ്രശ്‌നങ്ങളോട് ദിവസേന ഏറ്റുമുട്ടുന്ന തൊഴിലാളി വർഗത്തിന് മാത്രമേ സർക്കാരിനെ തിരുത്താനാകൂ. വർഗസമരത്തിന്റെ തീച്ചുട് ഏറ്റാൽ മാത്രമേ വർഗീയത ഉൾപ്പെടെയുള്ള നയങ്ങൾ തിരുത്താനാകൂ. സമരം കൊണ്ട് എന്തുനേട്ടം എന്ന് ചോദിക്കുന്നവരുണ്ട്. പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് ലോകത്ത് മാറ്റങ്ങളുണ്ടായത് എന്നാണ് ചരിത്രം. പോരാട്ടത്തിലൂടെ മാറ്റങ്ങൾ വരുത്താനാകുമെന്ന് സി.ഐ.ടി.യുവിന് ആത്മവിശ്വാസമുണ്ട്. ബി.ജെ.പിക്കു വോട്ടു ചെയ്ത ബി.എം.എസ് ഉൾപ്പെടെയുള്ള സംഘടനകൾ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തു വരുന്നത് ശുഭസൂചനയാണ്. രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനവും സ്ഥിരമായി ജോലിയും വരുമാനവുമില്ലാത്തവരാണ്. കോൺഗ്രസ് തുടങ്ങിവെച്ച, ബി.ജെ.പി ഊർജിതമായി നടപ്പാക്കുന്ന ഉദാരവത്കരണ നയങ്ങളുടെ ഫലമായാണ് സ്ഥിരം ജോലിയും വരുമാനും ഇല്ലാത്ത തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നത്. ഈ വിഭാഗത്തെക്കൂടി സംഘടിപ്പിക്കാതെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാവില്ല. ഡെൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ സംഘടിപ്പിക്കുന്ന തൊഴിലാളി കൺവെൻഷനിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗാനകുമാർ അദ്ധ്യക്ഷത വഹിച്ചു.