ambala

 കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലത്തിലൂടെ കെ.എസ്.ആർ.ടി.സി സർവീസ്

അമ്പലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട കഞ്ഞിപ്പാടം പാലത്തിലൂടെ വൈശ്യംഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസിനു തുടക്കമായി.

രാവിലെ 8 മുതൽ ആലപ്പുഴയിൽ നിന്നു രണ്ട് മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത് . നെടുമുടി ഗ്രാമപഞ്ചായത്തിലെ വൈശ്യംഭാഗം ഹൈസ്കൂളിന് കിഴക്ക് ഭാഗത്തുള്ള ഗവ.എൽ.പി സ്കൂൾ വരെയാണ് സർവീസ്. പാലം തുറന്നതോടെ വൈശ്യംഭാഗം, ചെമ്പുംപുറം, പുളിക്കക്കാവ്, നടുഭാഗം നിവാസികൾക്ക് ആലപ്പുഴയിലേക്കും തിരികെ വൈശ്യംഭാഗത്തേക്കും യാത്ര സുഗമമായി. നേരത്തെ ജങ്കാറിലോ കടത്ത് വള്ളത്തിലോ കയറി മണിക്കൂറുകൾ കാത്തുകിടന്ന് വേണം പൂക്കൈതയാറിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തി കഞ്ഞിപ്പാടത്തു നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു ഭാഗങ്ങളിലും എത്താൻ കഴിയുമായിരുന്നുള്ളൂ.

നിലവിൽ 20 മിനുട്ട് കൊണ്ട് ആട്ടോറിക്ഷയിലോ ആംബുലൻസിലോ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താനാവും. യാത്രാക്ലേശം മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കഞ്ഞിപ്പാടം നിവാസികൾക്കും ബസ് സർവീസ് ഏറെ പ്രയോജനപ്പെടും. ബസിൽ വൈശ്യംഭാഗത്ത് എത്തി അവിടെ നിന്നു ചമ്പക്കുളം ബസ് സ്റ്റാൻഡിൽ എത്തിയാൽ ചങ്ങനാശേരിയിലേക്കുള്ള ബസിൽ കയറാം. വൈശ്യംഭാഗം നിവാസികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ ദേശീയപാതയിലെ വളഞ്ഞവഴി എസ്.എൻ കവലയിലെത്തി അമ്പലപ്പുഴ ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചേരാനാവും.

..................................................

 റോഡ് യാത്ര വിപുലമാകും

അമ്പലപ്പുഴ, കുട്ടനാട് അസംബ്ലി നിയോജക മണ്ഡലങ്ങളെയും നെടുമുടി- അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് കെ.എസ്.ആർ.ടി.സി സർവീസ്. വൈശ്യംഭാഗം മുതൽ നെടുമുടി വഴി ചമ്പക്കുളം വരെ 25 കോടി മുടക്കുന്ന റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ ആലപ്പുഴ-വൈശ്യംഭാഗം കെ.എസ്.ആർ.ടി.സി ബസ് സർവിസ് ചമ്പക്കുളത്തേക്കും നെടുമുടി വഴി ആലപ്പുഴയിലേക്കും നീട്ടാനാവും.