ആലപ്പുഴ: സത്യം, ധർമ്മം, നീതി എന്നിവയിൽ നിന്നുകൊണ്ട് സമൂഹ നന്മയ്ക്കുവേണ്ടി തൂലിക പടവാളാക്കിയ ധീര പത്രാധിപരായിരുന്നു കെ. സുകുമാരനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദി ആലപ്പുഴ യൂണിറ്റും കേരളകൗമുദി റീഡേഴ്സ് ക്ളബ്ബും സംയുക്തമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോപ്പി കൂട്ടാനും പരസ്യത്തിനുമായി ചിലർ പത്രധർമ്മം നശിപ്പിച്ചു. കോപ്പി കുറയ്ക്കാതിരിക്കാൻ സമുദായ നേതാക്കളുടെ മുന്നിൽ പോയി മാപ്പ് പറഞ്ഞ്, അവരെ സുഖിപ്പിച്ച് വാർത്ത എഴുതുന്ന സംസ്കാരമാണ് നടക്കുന്നത്. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്ക് വേണ്ടി ജാതി മത വർണ്ണ വ്യത്യാസമില്ലാതെ ഭരണാധികാരികൾക്ക് താക്കീത് നൽകിയ ശൈലിയാണ് പത്രാധിപർ സ്വീകരിച്ചത്. ആ ധൈര്യം ഇന്നത്തെ പത്രപ്രവർത്തനത്തിൽ കാണാൻ കഴിയുന്നില്ല. എന്നാൽ കാലത്തിനും താല്പര്യങ്ങൾക്കും അനുസരിച്ച് നിലപാടിൽ മാറ്റമില്ലാതെ കേരളകൗമുദി അന്നും ഇന്നും ഒരേ നിലപാടിലൂടെയാണ് പോകുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചുവെന്നതാണ് കേരളകൗമുദിയുടെ ഏറ്റവും വലിയ പ്രത്യേകത. പത്രാധിപർ കെ.സുകുമാരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.