മാവേലിക്കര: നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി വിഭാഗം ജില്ലയിലെ മികച്ച വിദ്യാലയമായി മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിനെ തിരഞ്ഞെടുത്തു. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ സ്കൂളിലെ വർഗീസ് പോത്തനും തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിലെ സഹപാഠിക്കു വീടു നിർമിച്ചു നൽകിയതും ഗ്രാമീണ വനിതകൾക്കു സ്വയം തൊഴിൽ പദ്ധതി ആവിഷ്കരിച്ചതുമാണു സെന്റ് ജോൺസ് എച്ച്.എസ്.എസിന് പുരസ്കാരം നേടിക്കൊടുത്തത്.
എട്ടാം ക്ലാസ് വിദ്യാർത്ഥി അഖിലേഷിന്റെ ദുരിതം മനസിലാക്കി ആറര ലക്ഷം രൂപ ചെലവഴിച്ചാണ് അടച്ചുറപ്പുള്ള പുതിയ വീട് നിർമിച്ചു നൽകിയത്. വിവിധ വ്യക്തികളുടെ സഹായത്തിനൊപ്പം വീടു നിർമ്മാണത്തിനായി സ്കൂൾ മേളകളിൽ കാന്റീൻ നടത്തിയും പണം സ്വരൂപിച്ചു.
ഇത് കൂടാതെ വനിതകൾക്കു സ്വയം തൊഴിൽ പരിശീലനം സൗജന്യമായി നൽകി. ചെട്ടികുളങ്ങര പഞ്ചായത്തിൽ വീട്ടുവളപ്പിലെ കുളത്തിൽ വിഷരഹിത മത്സ്യകൃഷി നടത്തി വിജയം നേടി. ജൈവപച്ചക്കറി വിളയിക്കുക എന്ന ലക്ഷ്യത്തോടെ നൂറിലേറെ വീടുകൾ തിരഞ്ഞെടുത്തു കൃഷിത്തോട്ടം നിർമിച്ചു നൽകി. എൻ.എസ്.എസ് ഗീതം രചിച്ച മാവേലിക്കര ഗോപിനാഥിന്റെ സ്മരണാർഥം 100 വിദ്യാർഥികൾ ചേർന്നു ശതസംഗീതി മതസൗഹാർദ സമ്മേളനമൊരുക്കി. പ്രളയകാലത്ത് മെഡിക്കൽ ക്യാമ്പുകൾ വഴി സൗജന്യമായി മരുന്നു വിതരണം നടത്തി. മാവേലിക്കര കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രിയിൽ വായനശാല ആരംഭിച്ചു. പയറുവർഗ വർഷാചരണത്തിന്റെ ഭാഗമായി പയർ പ്രദർശനം, രക്തദാന ഡയറക്ടറി, ലഹരി വിരുദ്ധ പ്രവർത്തനം, പൈതൃക സ്മാരക ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി.
മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ ചെട്ടികുളങ്ങര മറ്റം തെക്ക് പുത്തൻപറമ്പിൽ കുടുംബാംഗമായ വർഗീസ് പോത്തന് എയർ ഇന്ത്യാ അദ്ധ്യാപക പുരസ്കാരം, ലയൺസ് ക്വസ്റ്റ് അവാർഡ്, ഗ്ലോബൽ അദ്ധ്യാപക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി അംഗം, പാഠപുസ്തക രചന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രിയനിസ് (അദ്ധ്യാപിക, കണ്ണമംഗലം ഗവ.യു.പി.ജി.എസ്). മക്കൾ: ആൽഫിൻ വി.പോത്തൻ, അലൻ വി.പോത്തൻ.