dtr

ഹരിപ്പാട് : ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴും റവവന്യൂ ടവറിലേക്ക് വിവിധ ഓഫീസുകളുടെ പ്രവർത്തനം മാറ്റാത്തതിനെതിരെ പ്രതിഷേധമുയരുന്നു. താലൂക്ക് ഓഫീസ് ഉൾപ്പെടെ ഹരിപ്പാട്ട് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റവന്യൂ ടവർ നിർമ്മിച്ചത്. 250 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും റവന്യൂടവറിലുണ്ട്.
23ഓളം ഓഫീസുകളാണ് റവന്യൂടവറിൽ പ്രവർത്തിക്കേണ്ടത്. നബാർഡിൽ നിന്നും 19.92 കോടി രൂപ വായ്പ എടുത്താണ് കെട്ടിടം നിർമ്മിച്ചത്. താഴെ നിരപ്പിലുള്ള 5 കടമുറികളിൽ സപ്ലൈ കോ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു. റവന്യു വിഭാഗത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഹൗസിംഗ് ബോർഡിന് കൈമാറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഇപ്പോഴും താലൂക്ക് ഓഫീസുൾപ്പെടെയുള്ള എല്ലാ ഓഫീസുകളും ഭീമമായ തുക നൽകി വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റവന്യൂടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവിലാണ് റവന്യൂടവറിനുള്ള അനുമതി നേടിയെടുത്തത്. റവന്യൂ ടവർ ഉടൻ പ്രവർത്തനസജ്ജമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിലും ആവശ്യമുയർന്നിരുന്നു.

റവന്യൂ ടവർ

ഏഴ് നിലകൾ

60000 സ്ക്വയർ ഫീറ്റ് വിസ്തീർണം

ചെലവ് 17 കോടി 32 ലക്ഷം രൂപ

നബാർഡിന്റെ സഹായത്തോടെ കേരള ഹൗസിംഗ് ബോർഡാണ് ടവറിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

കംപ്ളീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും റവന്യു ടവറിന് കംപ്ളീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. നഗരസഭയാണ് ഇത് നൽകേണ്ടത്. ഫയർ ഫോഴ്സിൽ നിന്ന് എൻ.ഒ.സി ലഭിക്കാത്തതാണ് നടപടി വൈകുന്നതിന് കാരണം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും മൂന്നാം നിലയിലും ഏഴാം നിലയിലും നിർമ്മാണത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിച്ചു.

 കടമ്പകൾ ബാക്കി

കംപ്ളീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം കറണ്ട്,വാട്ടർ കണക്ഷനുകളും ലഭ്യമാക്കിയാലേ ഓഫീസുകൾ പ്രവർത്തിക്കാനാകൂ. താലൂക്ക് ഓഫീസ് ഒഴികെയുള്ള മറ്റ് ഓഫീസുകളുടെ പ്രവർത്തനങ്ങൾക്കായുള്ള ഫർണിഷിംഗ് ജോലികൾ ഒന്നും നടന്നിട്ടില്ല. ഫർണിഷിംഗ് ജോലികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് രമേശ് ചെന്നിത്തല തുക അനുവദിച്ചെങ്കിലും താലൂക്ക് ഓഫീസിന് മാത്രമാണ് ഇത് വിനിയോഗിച്ചത്.

കറണ്ട്, വാട്ടർ കണക്ഷനുകൾ ലഭിക്കുന്നതിന്റെ അടുത്ത ദിവസം താലൂക്ക് ഓഫീസിന്റെ പ്രവർത്തനം റവന്യു ടവറിലേക്ക് മാറ്റും- തഹസിൽദാർ

ഹൗസിംഗ് ബോർഡിൽ നിന്നും റവന്യു വിഭാഗത്തിന് കെട്ടിടം കൈമാറിയുള്ള നടപടികൾ പൂർത്തീകരിച്ചു. കംപ്ളീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. അതോടെ എല്ലാ ഓഫീസുകളും റവന്യു ടവറിലേക്ക് മാറും-

ജോൺ തോമസ് (ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്)

ബി.ജെ.പി പ്രതിഷേധം ഇന്ന്

റവന്യൂ ടവറിലേക്ക് ഓഫീസുകൾ മാറ്റാത്തതിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം ഇന്ന് നടക്കും. കെട്ടിടത്തിൽ റീത്ത് വച്ച് പ്രതിഷധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.സോമൻ അറിയിച്ചു.

കംപ്ളീഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കി എത്രയും വേഗം ഓഫീസുകൾ റവന്യു ടവറിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണം.

- എം.സത്യപാലൻ (സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം)