road

കായംകുളം : ദേശീയപാതയിൽ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ പാലത്തിനോട് ചേർന്ന് രൂപപ്പെട്ട കുഴി യാത്രക്കാർക്ക് കെണിയാകുന്നു. കുഴിയിൽപ്പെട്ടാൽ ഇരുചക്രവാഹന യാത്രക്കാർ അടക്കം അൻപത് അടിയോളം താഴ്ചയിൽ കരിപ്പുഴ തോട്ടിലേയ്ക്കാവും വീഴുക.

കുഴി രൂപപ്പെട്ടിട്ട് രണ്ടാഴ്ചയിലേറെയായെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല.നാട്ടുകാർ ഒരു ഓലക്കഷ്ണം നാട്ടി നൽകിയ അടയാളം മാത്രമാണ് യാത്രക്കാർക്കുള്ള മുന്നറിയിപ്പ് . എം.എസ്.എം കോളേജിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഗവ. വനിതാപോളിടെക്നിക് കോളേജിലേയും അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴിയാണ് ഇത്.

പാലത്തിന് പടിഞ്ഞാറുള്ള നടവഴിയുടെ തെക്കേഅറ്റത്താണ് കുഴി. കാടുമൂടി കിടക്കുന്നതിനാൽ അടുത്ത് ചെന്നാൽ മാത്രമേ ഇത് കണ്ണൽപ്പെടൂ. മൂന്നടി വ്യാസമുള്ള കുഴിയിൽ വീണാൽ താഴെ തോട്ടിലേയ്ക്ക് തന്നെ പതിയ്ക്കും. മഴവെള്ളം കുത്തിയൊലിച്ചാണ് കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം പാലത്തിൽനിന്നും തോട്ടിൽ ചാടി യുവാവ് മരിച്ചതിനെ തുടർന്ന് ധാരാളം ആളുകൾ കാഴ്ചക്കാരായി എത്തിയിരുന്നു. ഇവരിൽ പലരും ഭാഗ്യം കൊണ്ടാണ് കുഴിയിൽ വീഴാതെ രക്ഷപെട്ടത്.

ടൈലും കുഴിഞ്ഞു !

നഗര സ‌ൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കോടികൾ മുടക്കി നഗരത്തിൽ ടൈൽ പാകിയ റോഡുകളും തകർന്നു. ബസ് സ്റ്റാന്റിന്റെ തെക്ക് വശത്ത് വലിയ കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. ടൈൽ പാകിയ പല സ്ഥലങ്ങളും ഇടിഞ്ഞ് താഴ്ന്നു. നിർമ്മാണത്തിലെ അപാകതയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ടൈലുകൾ തകരാൻ കാരണമെന്നാണ് ആക്ഷേപം.കുഴി രൂപപ്പെട്ടിട്ട് ഒന്നര മാസക്കാലമായെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.

ഓണനാളിൽ സമീപത്തെ കടക്കാർ കുഴിയടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പലതവണ അധികാരികളെ അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ല

നാട്ടുകാർ