ആലപ്പുഴ: പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിന് ശമനമുണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞ ദിവസം മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രത്തിലെ അസി.ഡയറക്ടർ ബി.സ്മിതയുടെ നേതൃത്വത്തിൽ ഫീൽഡ് ജീവനക്കാരായ എസ്.സുനിത, മോജ് കൃഷ്ണൻ എന്നിവരുടെ സംഘം പുറക്കാട്, കരുവാറ്റ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. മഴ കുറയാത്തതാണ് രോഗാണുവായ ബാക്ടീരിയയെ നിയന്ത്രിക്കാൻ തടസമെന്ന് സംഘം വ്യക്തമാക്കി. 70 ദിവസത്തിന് മേൽ പ്രായമുള്ള നെൽചെടികളിലാണ് രോഗം ബാധിച്ചത്. രണ്ടാം കൃഷി ഇറക്കിയ 80 ശതമാനം പാടശേഖരങ്ങളിലും ഇലകരിച്ചിൽ രോഗം വ്യാപിച്ചു കഴിഞ്ഞു. അമ്പലപ്പുഴ ബ്ളോക്കിലെ മുഴുവൻ പാടശേഖരങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. ഏക്കറിന് 30,000 രൂപയിലധികം ചെലവഴിച്ചാണ് കൃഷിയിറക്കിയത്. ഇതിനുപുറമേ ചില പാടശേഖരങ്ങളിൽ മഞ്ഞളിപ്പ് രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.