കായംകുളം: ശ്രീമുരുക ലോട്ടറിക്കടയിൽ 'ഫസ്റ്റ്' അടിക്കുന്നത് ഇതാദ്യമല്ലെങ്കിലും ഇത്ര വലിയൊരു ഒന്നാം സമ്മാനം കടയുടെ പടികടന്നെത്തുമെന്ന് ഉടമയായ ശിവൻകുട്ടി പ്രതീക്ഷിച്ചിരുന്നില്ല. ഭാഗ്യദേവത കടാക്ഷിച്ചത് ജുവലറി ജീവനക്കാരായ, പാവപ്പെട്ട ആറു യുവാക്കളെയാണെന്നു കൂടി അറിഞ്ഞതോടെ ശിവൻകുട്ടിയുടെ ഭാഗ്യബമ്പറിന് തിളക്കം കൂടി.
സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസമ്മാനമായ 12 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റ, കായംകുളം ശ്രീമുരുക ലോട്ടറി ഏജൻസീസ് ഉടമ കണ്ടല്ലൂർ ഷൺമുഖാലയത്തിൽ ശിവൻകുട്ടിക്ക് (54) ഇപ്പോഴും ഇക്കാര്യം ഉൾക്കൊള്ളാനായിട്ടില്ല. കായംകുളത്തെ രണ്ട് കടകൾ കൂടാതെ ചൂനാട്ടും കരുനാഗപ്പള്ളിയിലും കടയ്ക്ക് ശാഖകളുണ്ട്. കരുനാഗപ്പള്ളിയിലെ കടയിൽ നിന്നെടുത്ത ടിക്കറ്റ് മരുതൂർക്കുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ സിദ്ധിഖ് (55) ആണ് യുവാക്കൾക്കു വിറ്റത്. ശിവൻകുട്ടിക്ക് 1.2 കോടി രൂപ കമ്മിഷൻ ലഭിക്കും. സിദ്ദിഖിനും നല്ലൊരു തുക ലഭിക്കും. 20,000 ഓണം ബമ്പർ ടിക്കറ്റുകളാണ് ശ്രീമുരുകയിൽ നിന്ന് ഇത്തവണ വിറ്റത്. ആലപ്പുഴയിലെ ജില്ലാ ലോട്ടറി ഓഫീസിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങിയത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യകാല ഏജന്റുമാരിൽ ഒരാളാണ് ശിവൻകുട്ടി. 30 വർഷത്തോളമായി ലോട്ടറി വ്യാപാരം നടത്തുന്ന ശിവൻകുട്ടിക്ക് ആദ്യം ചില്ലറ വില്പനയായിരുന്നു. പീന്നീടാണ് കായംകുളത്ത് സ്വന്തമായി ഏജൻസി ആരംഭിച്ചത്. മുമ്പ് മൂന്നുതവണ ഒന്നാം സമ്മാനം ശിവൻകുട്ടി വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ, കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ശിവൻകുട്ടിയുടെ ടിക്കറ്റിനായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെയും പഴനി വേലായുധ സ്വാമിയുടെയും ഭക്തനാണ്. വീടിന് ഷൺമുഖാലയമെന്ന് പേരിട്ട ശിവൻകുട്ടി പഴനി തീർത്ഥാടനയാത്രകൾക്ക് ടൂറിസ്റ്റ് ബസ് സർവീസ് ഏർപ്പെടുത്തി നൽകാറുണ്ട്. വർഷം നാല് തവണ പഴനി തീർത്ഥാടന സർവീസ് നടത്തും. ഭാര്യ: ഉഷാകുമാരി. മക്കൾ: ആയുർവേദ ഡോക്‌ടറായ ശ്രീമോൻ, എം.കോം വിദ്യാർത്ഥി ശരത്.