രോഗികൾ നിൽക്കുന്നത് വെയിലും മഴയുമേറ്റ്
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഒ.പിയിൽ പരിശോധനക്കെത്തുന്ന രോഗികളുടെ ദുരിതം ഒഴിയുന്നില്ല. ഇന്നലെ രാവിലെ പെയ്ത മഴയിൽ നനഞ്ഞു കുതിർന്നാണ് രോഗികൾ ഒ.പി വിഭാഗത്തിനു മുന്നിലെ ക്യൂവിൽ നിന്നത്. ഒ.പിയിലെത്തുന്നവർ മഴയും വെയിലുമേറ്റ് ക്യൂ നിൽക്കുന്നതിനെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയതിനെത്തുടർന്ന് അഞ്ചുമാസം മുമ്പ് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് രോഗികൾക്കായി ഒരു താത്കാലിക ഷെഡ് നിർമ്മിച്ചിരുന്നു. 40 കസേരകളും ഇവിടെ ഇട്ടു. എന്നാൽ രോഗികളുടെ ദുരിതം പരിഹരിക്കാൻ ഇതൊന്നും പോരായിരുന്നു. ക്യൂവിൽ നിൽക്കുന്ന മുഴുവൻ പേർക്കും മഴ പെയ്യുമ്പോൾ കയറി നിൽക്കാൻ ഈ ഷെഡ് പോരാ. മുൻഗണനാ ക്രമം നഷ്ടപ്പെടുമെന്നോർത്ത് രോഗികൾ കുടപിടിച്ചും നനഞ്ഞും ക്യൂവിൽ തുടരും. പ്രായമായവരാണ് ഏറെ വലയുന്നത്.
ആശുപത്രി വളപ്പിൽ നിരവധി കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തിയിട്ടും ഹൃദ്‌രോഗവിഭാഗം ഒ.പി രോഗികൾക്ക് ഉപകാരപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ ശ്രമിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസമുള്ള കാർഡിയാക് ഒ .പി എല്ലാ ദിവസവും പ്രവർത്തിക്കുകയാണെങ്കിൽ രോഗികളുടെ തിരക്ക് കുറയും.
ആഴ്ചയിൽ 3 ദിവസം
ആഴ്ചയിൽ 3 ദിവസമാണ് ഇവിടെ ഒ.പി പ്രവർത്തിക്കുന്നത്.തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ. ഈ ദിനങ്ങളിൽ ഒ.പി വിഭാഗത്തിനു മുന്നിൽ അതിരാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ്.
''അച്ചടക്കത്തോടെ കസേരകളിൽ ഇരുന്ന് നമ്പർ അനുസരിച്ച് കയറിപ്പോകാനുള്ള ക്ഷമ രോഗികൾ കാണിക്കാത്തതാണ് വെയിലും മഴയുമേറ്റു നിൽക്കേണ്ടി വരുന്നതിന് കാരണം
- ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ
ആശുപത്രി വികസനസമിതി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തതാണ്. ആദ്യം ഒ.പി ചീട്ട് എടുക്കാൻ കൗണ്ടറിനു മുന്നിൽ ക്യൂ നിൽക്കണം. പിന്നീട് ഒ.പി യിലെത്തി ക്യൂ നിൽക്കണം. പിന്നീട് ചീട്ട് പതിപ്പിക്കാൻ ക്യൂ നിൽക്കണം. യോഗത്തിൽ ഇതു ചൂണ്ടിക്കാട്ടിയപ്പോൾ ആദ്രം പദ്ധതി പ്രാവർത്തികമാകുമ്പോൾ ടോക്കൺ സിസ്റ്റം നിലവിൽ വരുമെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം -
യു.എം.കബീർ (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം)