ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
അരൂർ: ചങ്ങാടത്തിൽ നിന്ന് കായലിൽ വീണ ഓട്ടോ റികഞ്ഞഷയിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളങ്ങി മൂത്തേരിൽ അഗസ്റ്റിൻ (58) ആണ് ഓട്ടോയുമായി ഇന്നലെ രാവിലെ ഏഴോടെ അരൂർ കെൽട്രോൺ -- കുമ്പളങ്ങി ഫെറി യിലെ ചങ്ങാടത്തിൽ നിന്ന് വെള്ളത്തിൽ വീണത്. ഓട്ടോയിൽ ഇറച്ചിയുമായി അരൂരിൽ നിന്ന് കുമ്പളങ്ങിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചങ്ങാടം തിരിക്കുന്നതിനിടെ പെട്ടെന്ന് ഓട്ടോ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സർവീസ് നടത്തുന്ന ചങ്ങാടത്തിന് വശങ്ങളിൽ അടച്ചുറപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും ചങ്ങാടതൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കായലിൽ വീണ ഓട്ടോ ജെ.സി.ബി ഉപയോഗിച്ച് പൊക്കിയെടുത്തു കരയ്ക്കെത്തിച്ചു. ഫെറിയിൽ സർവീസ് നടത്തുന്ന ചങ്ങാടത്തിന്റെ മൂന്ന് വശവും അടച്ചതും ഒരു വശം മാത്രം തുറന്നതുമായിരിക്കണമെന്നാണ് ചട്ടം. അരൂർ, കുമ്പളങ്ങി പഞ്ചായത്തുകൾ സംയുക്തമായിട്ടാണ് ഫെറിയിൽ ചങ്ങാട സർവീസ് നടത്തുന്നത്. ഇത്തവണ കുമ്പളങ്ങി പഞ്ചായത്തിനാണ് നടത്തിപ്പു ചുമതല