photo

 സ്വർണ്ണമാല കവർച്ചക്കാരെ പൊലീസ് കുടുക്കി


ആലപ്പുഴ: മുണ്ടുടുത്ത് മോഷണ ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിക്കുന്ന മൂന്നംഗ സംഘത്തെ 'ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടി'ലൂടെ ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 200 ഓളം മാല പിടിച്ചുപറിക്കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
കോട്ടയം നടുഭാഗം പൂഞ്ഞാർ കീരിയാനിക്കൽ കെ.എസ്.സുനിൽ (കീരി സുനി- 41), ചൂണ്ടാശേരി ഭരണങ്ങാനം വരിക്കപൊതിയിൽ വി.ടി. അഭിലാഷ് (41), പയ്യാനിത്തോട്ടം തെക്കേക്കര പൂഞ്ഞാർ വടക്കേൽ വീട്ടിൽ രമേശൻ (ആലുവ കണ്ണൻ-33) എന്നിവരാണ് പിടിയിലായതെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതികളിൽ നിന്ന് 60 പവൻ ആഭരണങ്ങളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കിലോക്കണക്കിന് സ്വർണം ഇത്തരത്തിൽ കവർന്നിട്ടുണ്ടെന്നും വിവരം ലഭിച്ചു.

പ്രായമായ സ്ത്രീകൾ നടന്നു പോകുമ്പോൾ പരിചയഭാവം കാണിച്ച് അടുത്തുകൂടിയും ചിരിച്ചും സംസാരിക്കും. സുനിലാണ് ബൈക്ക് ഓടിക്കുന്നത്. പിന്നിലിരുന്ന് അഭിലാഷ് മാല പറിക്കും.

സ്ത്രീകളുടെ മാറിടത്തിൽ ശക്തിയായി അടിച്ച് കൈവിരലിൽ ചുറ്റി മാല പൊട്ടിക്കുന്നതാണ് രീതി. ഒരു ജില്ലയിൽ രണ്ടോ മൂന്നോ മോഷണം നടത്തിയ ശേഷം സംഘം അടുത്ത ജില്ലയിൽ പ്രവേശിച്ച് മോഷണം തുടരും. 2014 മുതൽ ഇവർ 8 പൊലീസ് ജില്ലകളിൽ മോഷണം നടത്തുന്നുണ്ട്. സുനിൽ നിരവധി അടിപിടി കേസിലെ പ്രതിയാണ്. ആറുവർഷമായി ഇവർ പൊലീസ് പിടിയിലായിട്ടില്ല.

ജില്ലയിലെ മോഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ച സമയത്ത് പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്നത് മുണ്ടുടുത്താണെന്നു ബോദ്ധ്യമായതിനാലാണ് ഓപ്പറേഷൻ മുണ്ടൻസ് എന്നു പേരു നൽകിയത്. കൂത്താട്ടുകുളം, പാല ഭാഗങ്ങളിലൂടെയാണ് മോഷണശേഷം പ്രതികളുടെ പ്രധാന സഞ്ചാരമെന്നും കണ്ടെത്തിയിരുന്നു. അഡിഷണൽ എസ്.പി ബി. കൃഷ്ണകുമാർ, ഡിവൈ.എസ്.പി പി.വി. ബേബി, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിനുകുമാർ, ആലപ്പുഴ സൗത്ത് സി.ഐ കെ.എൻ. രാജേഷ്, എസ്.ഐ ദ്വിജേഷ്, സൈബർ സെൽ എസ്.ഐ അജിത്ത്, സീനിയർ സി.പി.ഒ മോഹൻകുമാർ, സുധീർ, സി.പി.ഒമാരായ പ്രവീഷ്, മൻസൂർ, റോബിൻസൺ, സാബു എന്നിവരാണ് ഈരാറ്റുപേട്ട പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
...........................

 കുടുക്കാൻ 'ഇടനില' സി.സി ടിവി

വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോയും മറ്റും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് വഴിത്തിരിവായത്. ഈരാറ്റുപേട്ടയിലെ തിടനാട് എന്ന സ്ഥലത്ത് പ്രതികളിലൊരാളെ തുണി വിൽക്കുന്നയാളിനൊപ്പം കണ്ടതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ബംഗളുരുവിൽ തുണിയെടുക്കുന്നതിനിടെ അഭിലാഷിനെ പിടികൂടിയത്. തുടർന്ന് കേസിലെ മുഖ്യപ്രതിയായ സുനിലിനെയും മൂന്നാമനായ രമേശനെയും പിടികൂടി. അഭിലാഷിനെയും കുടകിൽ നിന്ന് കണ്ണനെയും പൊലീസ് ആലപ്പുഴയിൽ എത്തിക്കുകയായിരുന്നു. സ്വർണം ഉരുക്കി ആഭരണങ്ങൾ നിർമ്മിക്കുന്നവർക്കാണ് സംഘം മോഷണ മുതൽ വിറ്റിരുന്നത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. മൂന്നു പവനിൽ കൂടുതൽ തൂക്കം വരുന്ന മാലകളാണ് സംഘം കവർന്നിരുന്നത്.