hg

ഹരിപ്പാട്: ആലപ്പുഴ നങ്ങ്യാർകുളങ്ങര ജംഗ്ഷനു സമീപം ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കാർ ഡ്രൈവർ തിരുപ്പൂർ 4/271 എസ്.ആർ നഗർ തങ്കസ്വാമിയുടെ മകൻ വെങ്കിടാചലം (35), പൊള്ളാച്ചി വി.കെ.ആർ സ്ട്രീറ്റിൽ വരദരാജന്റെ മകൻ ശരവണൻ (47) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൊള്ളാച്ചി സ്വദേശികളായ നന്ദകുമാർ (38), ശെൽവരാജൻ (41) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊള്ളാച്ചിയിൽ നിന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് പോയവരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം അംഗങ്ങളും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശരവണൻ സംഭവ സ്ഥലത്തും വെങ്കിടാചലം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ലീലയാണ് ശരവണന്റെ ഭാര്യ. മക്കൾ: പ്രണവ്, ഹരിഹരൻ.