ambala

അമ്പലപ്പുഴ: വള്ളംനിറയെ അയല സമ്മാനിച്ച് മക്കളോട് കടലമ്മയുടെ കനിവ്. ഇന്നലെ രാവിലെ നീർക്കുന്നം കുപ്പി മുക്കിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ലൈലാൻഡ് വള്ളങ്ങൾക്കാണ് (വലിയ വള്ളങ്ങൾ) അയല, വറ്റ തുടങ്ങിയവ സുലഭമായി ലഭിച്ചത്. എന്നാൽ ചെറുവള്ളങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നു.

മൂന്നു മാസമായി കടൽ ശാന്തമായിരുന്നതിനാൽ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു വള്ളങ്ങളാണ് എത്തിയിട്ടുള്ളത്. എന്നാൽ ചാകര കനിയാതിരുന്നതുമൂലം ഭൂരിഭാഗം വള്ളങ്ങളും കടക്കെണിയിലായി. ട്രോളിംഗ് നിരോധന കാലയളവും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണം ചെയ്തില്ല. മത്തി, ചെമ്മീൻ, കണവ തുടങ്ങിയ മത്സ്യങ്ങൾ അപ്രത്യക്ഷമായതും മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി. കാലാവസ്ഥ വ്യതിയാനവും മുന്നറിയിപ്പുകളും കാരണം മത്സ്യബന്ധനത്തിന് പോകാനാവാത്ത സ്ഥിതിയായി. എങ്കിലും രണ്ടു ദിവസമായി അയലയും വറ്റയും കിട്ടിത്തുടങ്ങിയതോടെ പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.