പൂച്ചാക്കൽ: കരളിന്റെ പ്രവർത്തനതാളം തെറ്റിത്തുടങ്ങിയപ്പോൾ വീണയുടെ ജീവിതത്തിലേക്ക് വലിയൊരു കാർമേഘക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. കരൾ മാറ്റിവയ്ക്കാൻ 20 ലക്ഷം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ, ഒരുപാട് ചുവരുകൾക്ക് വർണം പകർന്നിട്ടുള്ള അച്ഛൻ ഷാജി വിളറിവെളുത്തു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ഈ കുടുംബത്തിന് ജീവതാളം വീണ്ടെടുത്തു നൽകാൻ 'ശിങ്കാരിമേള'വുമായി തെരുവിലേക്കിറങ്ങിയിരിക്കുകയാണ് നൻമനിറഞ്ഞ ഒരുകൂട്ടം യുവാക്കൾ.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ബി.എ വിദ്യാർത്ഥിനി, പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് പൊറ്റേത്തു കോളനിയിൽ അഞ്ചുതറ വീട്ടിൽ എ.കെ.ഷാജിയുടെ മകൾ വീണാ ഷാജിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിക്കാൻ കരിങ്കാളി കലാസമിതി 'പ്രമാണീസ്' ആണ് ശിങ്കാരിമേളവുമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മേഖലകളിൽ പര്യടനം നടത്തിയത്.
വീണ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്താൻ 20 ലക്ഷം രൂപയാണ് ആവശ്യം. രണ്ടു വർഷം മുമ്പാണ് വീണയെ വിട്ടുമാറാത്ത പനിയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കരൾ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ധാരാളം ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു മാസം മുമ്പ് വീണയുടെ സ്ഥിതി മോശമായതിനെത്തുടർന്നാണ് അമൃതയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റി വയ്ക്കുക മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ ഷാജിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ നിരവധി വ്യക്തികളും സംഘടനകളും ഇതിനോടകം ചെറിയ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഈ അവസരത്തിലാണ് 25 പേരടങ്ങുന്ന കരിങ്കാളി കൂട്ടം ധനസമാഹരണത്തിന് ചെണ്ടമേളവുമായി രംഗത്തെത്തിയത്.
എസ്.ബി.ഐയുടെ പൂച്ചാക്കൽ ശാഖയിൽ 67249796170 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. (IFS code... SBIN0070298)