accident

ചേർത്തല :ഡോക്ടറെ കാണാൻ മകനോടൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ വീട്ടമ്മ സ്വകാര്യബസിടിച്ച് മരിച്ചു.കടക്കരപ്പള്ളി പഞ്ചായത്ത് 14-ാംവാർഡിൽ ഒ​റ്റമശേരി കുരിശിങ്കൽ പരേതനായ മാർട്ടിന്റെ ഭാര്യ ബീന(45)ആണ് മരിച്ചത്. ചേർത്തല നഗരത്തിൽ പടയണിപ്പാലത്തിന് സമിപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.ബീനയും മകൻ സനുവും സഞ്ചരിച്ച സ്‌കൂട്ടർ പടിഞ്ഞാറു ഭാഗത്ത് നിന്ന് പടയണിപ്പാലത്തിന് സമീപത്തെ ജംഗ്ഷൻ കടന്ന് എത്തിയപ്പോൾ വടക്കുനിന്നുവന്ന ബസിടിക്കുകയായിരുന്നു.നാട്ടുകാർ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീന മരിച്ചു. പരിക്കേ​റ്റ സനു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.സിജുവാണ് ബീനയുടെ മറ്റൊരു മകൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒ​റ്റമശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.കഴിഞ്ഞ ജുലായ് 5ന് ഇതേസ്ഥലത്ത് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചേന്നവേലിൽ കളപ്പുരയ്ക്കൽ പരേതനായ ചെറിയാന്റെ മകൻ ജോസ്(31)അപകടത്തിൽ മരിച്ചിരുന്നു.

ജോലി ലഭിക്കും മുമ്പെ

ബീന മടങ്ങി

ബീനയുടെ ഭർത്താവ് മാർട്ടിൻ മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാർട്ടിന്റെ മരണശേഷം ആശ്രിത നിയമനം ലഭിക്കുന്നതിനുള്ള നടപടികൾക്കായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു ബീന. അപ്പോയ്മെന്റ് ഓർഡർ അടുത്തിടെ പുറത്തിറങ്ങാനിരിക്കെയാണ് വിധി ബീനയെ തട്ടിയെടുത്തത്.