a

മാവേലിക്കര: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 14 ലീറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. തട്ടാരമ്പലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയിൽ തോമസ് സഖറിയ (59) ആണ് അറസ്റ്റിലായത്. വീടിനോടു ചേർന്നുള്ള ബേക്കറിയും കാർ പോർച്ചും കേന്ദ്രീകരിച്ചായിരുന്നു വിൽപന. അർദ്ധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ സ്ഥിരമായി എത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോമസിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്.

ബിവറേജസ് കോർപറേഷൻ മദ്യവിൽപന ശാലയിൽ നിന്നു ദിവസവും 3 കുപ്പി മദ്യം വീതം വാങ്ങി സൂക്ഷിക്കുന്ന തോമസ് സഖറിയ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100 മുതൽ 150 രൂപ നിരക്കിലാണു വിൽപന നടത്തിയിരുന്നത്. ഏറെക്കാലം വിദേശത്തായിരുന്ന തോമസ് സക്കറിയ ഭാര്യ പിണങ്ങി പോയതിനെ തുടർന്ന് നാട്ടിലെത്തി വീടിനോട് ചേർന്ന് കെട്ടിടം പണിത് ബേക്കറിയും സ്​റ്റേഷനറി കടയും ആരംഭിക്കുകയായിരുന്നു. ഒറ്റക്കായിരുന്നു താമസം. ഒരു വർഷമായി ഇയാൾ കച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

ഇന്നലെ രാവിലെ 11നാണു പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇയാളുടെ കാർപോർച്ച്, കാർ എന്നിവിടങ്ങളിൽ പെട്ടിയിലും, പ്ലാസ്​റ്റിക് കവറിലും സൂക്ഷിച്ചി

രിക്കുകയായിരുന്നു മദ്യക്കുപ്പികൾ.

എസ്.ഐ എസ്.പ്രദീപ്, എ.എസ്.ഐ എസ്.ശിവപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആർ.ആനന്ദകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി.സുനിമോൻ, സിനു വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്‌ലാൽ, ജി.ഗോപകുമാർ, എൻ.ഡി.വിഷ്ണുദാസ്, ഷാജിമോൻ, വനിത സിവിൽ പൊലീസ് ഓഫിസർ ആർ.രേണുക എന്നിവർ പരിശോധനക്കു നേതൃത്വം നൽകി.

ലാഭം കണ്ട് കണ്ണ് മഞ്ഞളിച്ചു,

മദ്യവില്പനക്കിറങ്ങി


സാമ്പത്തികമായി ഉന്നത നിലയിൽ കഴിയുന്ന തോമസ് ഒരു വർഷം മുമ്പ് അവധി ദിവസത്തിൽ മദ്യം ചോദിച്ചെത്തിയ പരിചയക്കാർക്ക് ബിവറേജസ് ഷോപ്പിൽ നിന്നും വാങ്ങി വച്ചിരുന്ന മദ്യം കൂടിയ വിലക്ക് വിറ്റു. ഇതിലെ സാമ്പത്തികലാഭം കണ്ടതോടെയാണ് മദ്യക്കച്ചവടം തുടങ്ങിയത്. അടുത്ത പരിചയക്കാർക്കും സ്ഥിരം ഇടപാടുകാർക്കും മാത്രമേ മദ്യം വി​റ്റിരുന്നുള്ളൂ. മാസത്തിലെ ആദ്യ ദിവസങ്ങളിലും ബാർ, ബിവറേജസ് അവധി ദിവസങ്ങളിലുമാണ് കച്ചവടം പ്രധാനമായും നടക്കുക.