election

ആലപ്പുഴ: അട്ടിമറി വിജയം പ്രതീക്ഷിച്ച് അരൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസും വിജയത്തുടർച്ചയ്ത്ത് ഇടതുപക്ഷവും മികച്ച പ്രതീക്ഷയോടെ എൻ.ഡി.എയും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി. എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയേയിലും ഒന്നിലേറെ നേതാക്കളുടെ പേരുകളാണ് സ്ഥാനാർത്ഥികളായി പരിഗണനയിലുള്ളത്. വിജയസാദ്ധ്യതയാണ് പ്രഥമപരിഗണന. അടുത്ത ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറും.

കടലോരം മുതൽ കായലോരംവരെ പരന്നുകിടക്കുന്ന പത്ത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലമാണ് അരൂർ.

1957മുതൽ 2016 വരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ 11തവണ ഇടത്തേക്കും നാല് തവണ വലത്തേക്കുമായിരുന്നു മണ്ഡലം. കെ.ആർ.ഗൗരിഅമ്മ സി.പി.എമ്മിൽ ഉണ്ടായിരുന്ന സമയത്ത് ഏഴു തവണയും സി.പി.എമ്മിൽ നിന്ന് വിട്ട് ജെ.എസ്.എസ് രൂപീകരിച്ച ശേഷം യു.ഡി.എഫിന് വേണ്ടി രണ്ടു തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2006ൽ ഗൗരിഅമ്മയെ പരാജയപ്പെടുത്തിയാണ് എ.എം. ആരിഫ് മണ്ഡലം തിരിച്ചുപിടിച്ചത്. പിന്നീട് 2001ലും, 2016ലും ആരിഫ് വിജയം ആവർത്തിച്ചു. 2011ൽ കോൺഗ്രസിലെ എ.എ.ഷുക്കൂറിനെ പരാജയപ്പെടുത്തി. 2016ൽ കോൺഗ്രസിലെ അഡ്വ. സി.ആർ.ജയപ്രകാശിനെ 38,519 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ടി.അനിയപ്പനും ജനവിധി തേടിയിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാൻ ആരിഫിന്റെ തട്ടകത്തിൽ 648 വോട്ട് ലീഡ് ചെയ്തത് യു.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷ പകരുന്നു.

സ്ഥാനാർത്ഥികളെ ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും എല്ലാ മുന്നണികളും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലാണ്. ഇടത് മുന്നണിയുടെ പര്യടനം ആരംഭിച്ചു. മനു.സി.പുളിക്കലാണ് ജാഥാ ക്യാപ്ടൻ. 24ന് സമാപിക്കും. യൂത്ത് കോൺഗ്രസിന്റെ ജാഥയും പഞ്ചായത്ത് തലത്തിൽ പര്യടനം നടത്തിവരുന്നു. കയർ - മത്സ്യ - ഇടത്തരം - ചെറുകിട വ്യവസായികൾ ​​- ഇതര തൊഴിലാളികളാണ് കൂടുതലും വോട്ടർമാർ.

പരിഗണന വിജയസാദ്ധ്യത

ആലപ്പുഴ ലോക്‌‌സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അരൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഷാനിമോളെ കൂടാതെ, കഴിഞ്ഞ തവണ ആരിഫിനോട് പരാജയപ്പെട്ട അഡ്വ.സി.ആർ.ജയപ്രകാശ്, മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷാജി നൂറനാട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എം.ലിജു മത്സരിക്കുന്നില്ലെന്ന് നേത്വത്വത്തെ അറിയിച്ചു. പരാജയപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ആരിഫ് വലിയ ഭൂരിപക്ഷം നേടിയ അരൂരിൽ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്താനായതാണ് ഷാനിമോളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്.

എൽ.ഡി.എഫിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം മനു.സി.പുളിക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ദലീമ ജോജോ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കെ.ആർ.ഗൗരിഅമ്മ കുത്തകയാക്കിയിരുന്ന മണ്ഡലം ആരിഫിനെ ഇറക്കിയാണ് സി.പി.എം തിരിച്ചുപിടിച്ചത്. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയെ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിയ വോട്ട് കുറഞ്ഞത് നേതൃത്വം വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയാണ്.

പഞ്ചായത്ത് ഭരണം

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ അരൂർ, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, കുത്തിയതോട്, പാണാവള്ളി, തൈക്കാട്ടുശേരി, തുറവൂർ പഞ്ചായത്തുകൾ എൽ.ഡി.എഫും എഴുപുന്ന, കോടംതുരുത്ത്, പെരുമ്പളം എന്നീ പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു.

2019ലെ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം

ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്): 65,​656

എ.എം.ആരിഫ് (എൽ.ഡി.എഫ്): 65,​008

ഡോ.കെ.എസ്.രാധാകൃഷ്ണൻ (എൻ.ഡി.എ): 25,250

ഷാനിമോൾ ഉസ്മാന്റെ ലീഡ്: 648