ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ എടാ, പോടാ ശൈലി മാറണം. അരൂരിൽ ഭൂരിപക്ഷ സമുദായാംഗത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ മുന്നണികൾ മര്യാദ കാണിക്കണം. വട്ടിയൂർക്കാവിൽ കുമ്മനത്തെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും പരിഗണിക്കണം. രണ്ടു പേർക്കും വിജയസാദ്ധ്യതയുണ്ട്. സംഘടനാപരമായി എൽ.ഡി.എഫിന് ശക്തിയുണ്ട്. കേരള കോൺഗ്രസിനെ ജനം വെറുത്തു. പാലായിൽ ചെറിയ ഭൂരിപക്ഷത്തിൽ കാപ്പൻ ജയിക്കും. പാലായിൽ എൽ.ഡി.എഫിന്റേത് മികച്ച പ്രവർത്തനമായിരുന്നു. അരൂരിലെ വോട്ടർമാരിൽ 75 ശതമാനം ഹിന്ദുക്കളാണ്. ഈഴവർ 34, നായർ 16, ധീവര 13, ദളിതർ 10.5 എന്നിങ്ങനെയാണ് ശതമാനക്കണക്ക്. 11 ശതമാനമുള്ള മുസ്ളിം, 9 ശതമാനം വരുന്ന ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടുന്ന ന്യൂനപക്ഷക്കാരെ സ്ഥാനാർത്ഥിയാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ അരൂർ, അരൂക്കുറ്റി പഞ്ചായത്ത് ഒഴികെ മറ്റ് എട്ട് പഞ്ചായത്തുകളിലും ഈഴവർക്കാണ് മുൻതൂക്കം. ഇരുമുന്നണികളും ഹിന്ദുക്കളോട് മര്യാദ കാണിക്കണം.
സംഘടിത വോട്ട് ബാങ്കിന് വേണ്ടി വെട്ടിനിരത്തപ്പെടുന്നത് ഈഴവരാണ്. നിയമസഭയിൽ കോൺഗ്രസിൽ ഈഴവ പ്രാതിനിദ്ധ്യം ഇല്ലാതായി. കോൺഗ്രസിൽ ഈഴവർ അന്യംനിന്നു പോകുന്നു. 15 എം.എൽ.എമാരിൽ ഒരാൾ പോലും ഇഴവനല്ല. ലീഗിന് 17ഉം കേരള കോൺഗ്രസിന് 6ഉം എം.എൽ.എമാരുണ്ട്. ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ പരിഗണനയിൽ സ്ഥാനാർത്ഥിത്വം ലഭിച്ച് സമുദായം വോട്ട് ചെയ്തു വിജയിപ്പിച്ച അടൂർ പ്രകാശ് പോലും മറ്റുള്ളവരെ പ്രൊമോട്ട് ചെയ്യുന്നതിൽ ദുഃഖവും പ്രയാസവും ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.