ambala

അമ്പലപ്പുഴ : രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെയും മേൽപ്പാലത്തിന്റെയും പണി പൂർത്തിയായതോടെ തകഴി റെയിൽവേ സ്റ്റേഷൻ പുതുമോടിയിൽ. 1.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. തകഴി, എടത്വ ,കരുമാടി ,അപ്പർ കുട്ടനാട് തുടങ്ങിയ മേഖലകളിലെ ജനങ്ങൾ തകഴി റെയിൽവേ സ്റ്റേഷനെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. സ്റ്റേഷൻ മാസ്റ്റർ ഓഫീസും അനുബന്ധ സൗകര്യങ്ങളും കൂടി ഏർപ്പെടുത്തിയാൽ ട്രെയിനുകൾക്ക് ഇവിടെ ക്രോസിംഗ് നടത്താൻ സാധിക്കും. മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർസിറ്റി എക്സ്പ്രസിന് തകഴിയിൽ ഇപ്പോൾ സ്റ്റോപ്പില്ല. അമ്പലപ്പുഴ സ്റ്റേഷനെയാണ് ഇന്റർസിറ്റി യാത്രക്കാർ ആശ്രയിക്കുന്നത്.

സ്റ്റേഷനിലെ സൗകര്യങ്ങൾ വർദ്ധിക്കുന്നതോടെ തകഴിയിലും ഇന്റർ സിറ്റി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. പ്ലാറ്റ്ഫോമുകൾ തയ്യാറായാൽ ഇന്റർ സിറ്റിക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് 7 വർഷം മുമ്പ് ഉറപ്പു നൽകിയിരുന്നതാണ്. നിലവിൽ പാസഞ്ചർ ,മെമു ട്രെയിനുകൾക്ക് മാത്രമാണ് തകഴിയിൽ സ്റ്റോപ്പുള്ളത് .