abhinav

മാന്നാർ: കരൾ പകുത്തു നൽകാൻ തയ്യാറായ അമ്മയ്ക്കും ജീവിക്കാനായി കാൻസറിനോടു പൊരുതുന്ന ഏഴുവയസുകാരനും വേണ്ടി മാന്നാർ ഗ്രാമം ഒന്നിക്കുന്നു. സഹായ സമിതിയുടെ നേതൃത്വത്തിൽ 29ന് വീടുകൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് തീരുമാനം.

മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി വില്ലേജിലെ വളളക്കാലി ഒന്നാം വാർഡിൽ ഇടയാടിനങ്ങാലടിയിൽ വീട്ടിൽ എൻ.ടി.കൊച്ചുമോൻ-പ്രിയ ദമ്പതികളുടെ ഏഴു വയസുള്ള മകൻ അഭിനവിനാണ് ഡോക്ടർമാർ കരൾമാറ്റ ശാസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. കാൻസർ ബാധിച്ച് നാലു വർഷമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിൽസയിലാണ് അഭിനവ്. അടുത്തിടെ രോഗം കലശലായി. ജീവൻ നിലനിറുത്തണമെങ്കിൽ അടിയന്തരമായി കരൾ മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ വിധിയെഴുതി. 25 ലക്ഷം രൂപയോളം ചെലവാകും. പ്രിയയുടെ കരൾ അഭിനവിന് അനുയോജ്യമാണെന്ന് വ്യക്തമായതോടെ മകന്റെ ജീവൻ രക്ഷിക്കാൻ ആ അമ്മ കരൾ പകുത്തുനൽകാൻ തയ്യാറാവുകയായിരുന്നു. ഇതിനായി ഇരുവരെയും അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓപ്പറേഷനു മാത്രം 19 ലക്ഷവും തുടർ ചികിത്സകൾക്കായി 6 ലക്ഷവും ആവശ്യമാണെന്ന് ഡോ.സുധീന്ദ്രൻ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ മൂന്നിനാണ് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനാണ് കൊച്ചുമോൻ. മുഴുവൻ സമ്പാദ്യങ്ങളും കടം വാങ്ങിയതുമൊക്കെ ഇതു വരെയുള്ള ചികിത്സകൾക്കായി ചെലവഴിച്ചു കഴിഞ്ഞു. കടപ്ര നിരണം എം.എസ്.എം യു.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അഭിനവിന്റെ സഹോദരൻ അമ്പാടി എട്ടാം ക്ലാസിൽ പഠിക്കുകയാണ്.

ധനസഹായം സ്വരൂപിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, വാർഡ് മെമ്പർ ടോംസ് രാജൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ അടങ്ങിയ ആക്ഷൻ കൗൺസിൽ പ്രവർത്തനമാരംഭിച്ചു. 29ന് വീടുകളിലെത്തി സഹായം സമഹരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പിതാവ് കൊച്ചുമോൻ, സഹായ സമിതി കൺവീനറായ മുൻ ഗ്രാമപഞ്ചായത്തംഗം ദാനിയേൽ ജോൺ എന്നിവരുടെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാന്നാർ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 431 3000 1002 23456. ഐ.എഫ്.എസ് കോഡ് punb0431300.