ആലപ്പുഴ: സംഘടനാ ചുമതലയുള്ള എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അരൂരിൽ മത്സരിച്ചേക്കുമെന്നു സൂചന. കേരളം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ കെ.സിയോട് സോണിയാ ഗാന്ധി നിർദ്ദേശിച്ചതായാണ് അറിയുന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് മത്സരിക്കാൻ കെ.സി ഒരുങ്ങുന്നത്.

വട്ടിയൂർക്കാവാണ് കെ.സി നോട്ടമിട്ടതെങ്കിലും കെ.മുരളീധരൻെറ ശക്തമായ എതിർപ്പുണ്ട്. ഇന്ന് കെ.പി.സി.സിയിൽ നടക്കുന്ന ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. നായർ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കെ.കരുണാകരന്റെ ഉറ്റഅനുയായി എൻ.പീതാംബരക്കുറുപ്പിനെ അവിടെ സ്ഥാനാർത്ഥിയാക്കണമെന്ന് വാദിക്കുന്നതിന് പിന്നിൽ കെ. മുരളീധരനുമുണ്ട്. കോൺഗ്രസിന് വിജയസാദ്ധ്യതയുള്ള മണ്ഡലവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മികച്ച വിജയമാണ് ഇവിടെ നേടിയത്. മുരളിയുടെ എതിർപ്പ് അടങ്ങുകയാണെങ്കിൽ കെ.സി അവിടെ മത്സരിച്ചേക്കും. അതല്ലെങ്കിൽ അരൂരിനാണ് സാദ്ധ്യത.

അതേസമയം അരൂരിൽ ഈഴവ സമുദായത്തിൽപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. കേരള നിയമസഭയിൽ യു.ഡി.എഫിലെ ഏക ‌ഈഴവ അംഗം അടൂർ പ്രകാശായിരുന്നു. കോന്നിയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയല്ലെങ്കിൽ അരൂരിൽ ഈഴവ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം കോൺഗ്രസിലുണ്ട്. അങ്ങനെയുണ്ടായില്ലെങ്കിൽ അരൂരിലും കോന്നിയിലും അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോന്നിയിൽ അടൂർ പ്രകാശ് മറ്റൊരു സമുദായത്തിൽപ്പെട്ടയാൾക്ക് വേണ്ടിയാണ് വാദിക്കുന്നത്. അത് അംഗീകരിക്കുകയാണെങ്കിൽ അരൂരിൽ

കെ.സി. വേണുഗോപാൽ മത്സരിക്കണമോ എന്നതും ഇന്ന് ചർച്ചയാകും.

ഷാനിമോൾ ഉസ്മാൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നിൽ നിന്നെങ്കിലും സമുദായ പ്രാതിനിദ്ധ്യം തടസമായെന്നാണ് അറിയുന്നത്. ഈഴവ സമുദായത്തിൽപ്പെട്ട ഡി.സി.സി അംഗം രാജീവന്റെ പേരും പറഞ്ഞുകേൾക്കുന്നു. യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.രാജേഷിന്റെ പേരും പരിഗണനാപ്പട്ടികയിലുണ്ട്. പുതുമുഖങ്ങളെ ഇറക്കുന്നത് നല്ലതാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.