ambala

അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ കടപ്രയിൽ നിന്ന് കരുമാടി പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് വീണ്ടും പൊട്ടി. ഇന്നലെ രാവിലെയോടെ തകഴി കന്നാ മുക്കിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലേക്ക് ഒഴുകിയതോടെ അധികൃതർ എത്തി പമ്പിംഗ് നിർത്തിവെച്ചു.ഇതോടെ ആലപ്പുഴ നഗരത്തിലും, സമീപത്തെ 8 ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി.

തകഴി കന്നാ മുക്കിൽ തന്നെ നേരത്തേ 2 തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതുകൂടാതെ തകഴിയിലും കേളമംഗലത്തുമുൾപ്പടെ നിരവധി സ്ഥലങ്ങളിലും പൈപ്പ് പൊട്ടലുണ്ടായി.

പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചയിടങ്ങളിൽ ടാറിംഗ് നടത്താതെ മെറ്റൽ വിരിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.