ആലപ്പുഴ:അരൂരിൽ ഡിവൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കലിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സെക്രട്ടേറിയറ്റിനോട് ശുപാർശ ചെയ്തു.
മന്ത്രി ജി.സുധാകരൻ ഉൾപ്പെടെ സെക്രട്ടേറിയറ്റിൽ പങ്കെടുത്ത ഭൂരിപക്ഷവും മനു മത്സരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ജില്ലാ സെക്രട്ടറി ആർ. നാസറും മറ്റ് ചിലരും കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ചെയർമാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ബി.ചന്ദ്രബാബു മത്സരിക്കണമെന്ന നിർദ്ദേശം വച്ചു. രണ്ട് പേരുകളും സംസ്ഥാന സെക്രട്ടേറിയറ്റിൻെറ പരിഗണനയ്ക്ക് വിട്ടു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മനു സി.പുളിക്കനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ മനു സി.പുളിക്കൽ ആലപ്പുഴയിലെ ശ്രദ്ധേയനായ യുവനേതാവാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ഹൃദയപൂർവം പദ്ധതി മനുവിൻെറ സംഭാവനയാണ്. ഡി.വൈ.എഫ്.എെ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് ഈ പദ്ധതി തുടങ്ങിയത്.
വയലാർ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ റിട്ട.അദ്ധ്യാപകൻ സിറിയക് എബ്രഹാം പുളിക്കലിന്റെയും വിദേശത്ത് നഴ്സായ ആലീസിന്റെയും മകനാണ് ഈ 37 കാരൻ.
1998ൽ ചേർത്തല എസ്.എൻ കോളേജിൽ എസ്.എഫ്.ഐയുടെ പ്രീ ഡിഗ്രി ബാച്ച് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ മാഗസിൻ എഡിറ്റർ,രണ്ട് തവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അരൂർ അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന പള്ളിപ്പുറം ഡിവിഷനിൽ നിന്ന് 2011ൽ ജില്ലാ പഞ്ചായത്തിലേക്ക് 5600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
2000 മുതൽ അരൂർ ഏരിയ കേന്ദ്രീകരിച്ചായി പ്രവർത്തനം. 28-ാം വയസിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി.കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവും ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി,ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ റോഷൻ തോമസ്.മകൾ:അന്നമ്മ.