പൂച്ചാക്കൽ : വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന ആവേശത്തോടെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പിക്കൽ, സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കൽ, പ്രചാരണ റാലികൾ, കൊട്ടിക്കലാശം എന്നിവയെല്ലാം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നു.
വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് സുരക്ഷയ്ക്ക് ലിറ്റിൽ കൈറ്റ്,എൻ.സി.സി കേഡറ്റുകളും സജ്ജമായിരുന്നു.
വോട്ടിംഗ് പ്രക്രിയ ഒപ്പിയെടുക്കാൻ സി.സി.ടി.വിയും. ലാപ്ടോപ് സെർവറായും മൊബൈൽ ഫോൺ വോട്ടിംഗ് യൂണിറ്റായും പ്രവർത്തിച്ചു.സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെ കാണുന്ന പച്ച ബട്ടണിൽ വിരലമർത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്ഥാനാർഥികളുടെയും ഏജൻറുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.
ഫലങ്ങൾ പുറത്തുവന്നതോടെ ഓരോ ക്ലാസുകളിലും ആഹ്ലാദവും നിറഞ്ഞു.
സ്കൂൾ ലിറ്റിൽ കൈറ്റ് ടീമും സോഷ്യൽ സയൻഡ് ക്ലബുമാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.
പ്രധാനാധ്യാപിക ബി.ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ഐ.ടി. കോഓഡിനേറ്റർമാരായ പി.കെ. ഫാസിൽ, ലജീന അൻവർ, അധ്യാപകരായ കെ.പി ഇബ്രാഹിം, വി.എ അബൂബക്കർ, എസ്. എ. അബ്ദുൽ ഷിയാസ് എന്നിവർ നേതൃത്വം നൽകി.