tv-r

അരൂർ : വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കാത്തതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിൽ . അരൂർ പഞ്ചായത്തിൽ പതിനാറ്, പതിനേഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാർട്ടിൻ റോഡിനാണ് ഈ ദുരവസ്ഥ . ഒരു മുന്നറിയിപ്പുമില്ലാതെയാണ് റോഡ് വെട്ടിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു. .അരൂർ പെട്രോൾ പമ്പിന് പടിഞ്ഞാറ് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ പൈപ്പ് ഇടാനാണ് റോഡ് വെട്ടിപ്പൊളിച്ചത്.വെള്ളം ഒഴുകിക്കൊണ്ടിരുന്ന തോട് നികത്തി സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിച്ചതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. പ്രദേശവാസികളുടെ പരാതികൾക്കൊടുവിൽ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. പക്ഷേ പണി പാതിവഴിയിൽ നിലച്ചു. ടാറിട്ട റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല. ഒരു മുന്നറിയിപ്പ് ബോർഡ് പോലും വെക്കാതെയാണ് അധികൃതരുടെ സാന്നിധ്യത്തിൽ ദേശിയ പാതയുടെ സമാന്തരപാതയായി നാട്ടുകാർ പ്രയോജനപ്പെടുത്തിയിരുന്ന റോഡ് വെട്ടി പൊളിച്ചത്. നിത്യേന നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്ന് പോകുന്ന റോഡാണിത്. റെസിഡൻസ് അസോസിയേഷനും നാട്ടുകാരും നിരന്തരം പ്രശ്ന പരിഹാരം ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിക്ഷേധം ശക്തമാണ്. അടിയന്തരമായി റോഡ് പൂർവ്വ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ബി.അൻഷാദ് പറഞ്ഞു.