adv-s-rajesh

ആലപ്പുഴ: എൽ.ഡി.എഫ് അരൂരിൽ യുവനേതാവിനെ ഇറക്കുമ്പോൾ അതേനാണയത്തിൽ തന്നെ നേരിടാൻ യു.ഡി.എഫും ഒരുങ്ങുന്നു. കയർ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള അഡ്വ. എസ്.രാജേഷിനെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകളാണ് കോൺഗ്രസിൽ സജീവം. ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ എന്നിവരുടെ പേരുകൾക്കായിരുന്നു ആദ്യഘട്ടത്തിൽ മുൻതൂക്കമുണ്ടായിരുന്നതെങ്കിലും അവസാന ലാപ്പിൽ രാജേഷിന്റെ പേര് ഉയർന്നുവരികയായിരുന്നു.

അരനൂറ്റാണ്ടായി ഇടതു ഭരണത്തിലിരുന്ന പാണാവള്ളി പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു.രാജേഷിനെ ഇറക്കിയാൽ അരൂർ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് . 2011-16 കാലഘട്ടത്തിൽ പാണാവള്ളി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.നിലവിൽ പഞ്ചായത്ത് അംഗമാണ്.മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രജനിയാണ് ഭാര്യ.ഇരുവരും ഇപ്പോൾ ഒരേ പഞ്ചായത്തിൽ അംഗങ്ങളുമാണ്. ശ്രീകണ്ഠേശ്വരം സ്കൂൾ ബസിൽ സഹായിയായി ജോലി ചെയ്തായിരുന്നു പഠനത്തിന് പണം കണ്ടെത്തിയിരുന്നത്.കേരളകൗമുദി പൂച്ചാക്കൽ ലേഖകനായും വർഷങ്ങളോളം പ്രവർത്തിച്ചു.

പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡ് വടക്കേവെളിയിൽ കയർതൊഴിലാളികളായ പരേതനായ ശശിധരന്റെയും ചന്ദ്രമതിയുടെയും മകനാണ്.ചേർത്തല എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു പ്രവർത്തകനായി പ്രവർത്തനം തുടങ്ങി.ഡിഗ്രി പഠനകാലത്ത് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി.തുടർന്ന് കെ.എസ്.യു ജില്ലാ ജനറൽസെക്രട്ടറിയായി..എറണാകുളം ഗവ.ലാകോളേജിൽ നിന്ന് നിയമബിരുദമെടുത്തു .ചേർത്തല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.കഴിഞ്ഞ 9 വർഷമായി യൂത്ത്കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റാണ്.