ഹരിപ്പാട് : കാർഷിക സംസ്കാരം അടുത്തറിയാൻ തൃക്കുന്നപ്പുഴ ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂളിലെത്തി. കാർഷിക വികസന വകുപ്പിന്റേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്കായി കാർഷിക മേഖലയെക്കുറിച്ച് അറിവ് നൽകുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.കരനെൽക്കൃഷിയും തക്കാളി, വെണ്ട, മഞ്ഞൾ തുടങ്ങിയ മറ്റ് ജൈവകൃഷികളും സ്കൂളിലുണ്ട്. സ്കൂൾ ജൈവവൈവിദ്ധ്യപ്പാർക്കും കുട്ടികൾക്ക് കൂടുതൽ സന്തോഷം നൽകുന്നതായി. തൃക്കുന്നപ്പുഴ ഗവ.എൽ.പി.സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീദേവി ടീച്ചർ, എസ്.എം.സി ചെയർപേഴ്സൺ അംബിക.റ്റി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എസ്.എം.സി മുൻ ചെയർമാനുമായ സുധിലാൽ.തൃക്കുന്നപ്പുഴ തുടങ്ങിയ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തെ കാർത്തികപ്പള്ളി ഗവ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ നാടൻ പാട്ട് പാടി സ്വീകരിച്ചു. പ്രഥമാദ്ധ്യാപകൻ ശിവദാസ്.ജെ, എസ്.എം.സി വൈസ് ചെയർമാൻ ബി. കൃഷ്ണകുമാർ, എസ്.എം.സി അംഗം സനൽകുമാർ ,അധ്യാപകൻ രമേശ്.ആർ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രത്യേക പ്രതിജ്ഞയും ചിങ്ങോലി കൃഷിഭവൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മിൽ സംവാദവും നടന്നു .